ദെഹ്റാദൂണ്‍: ഇന്ത്യയെ അമേരിക്ക 200 വര്‍ഷം അടിമകളാക്കിയെന്ന പരാമര്‍ശവുമായി ഉത്തരഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. പെണ്‍കുട്ടികള്‍ കീറിയ ജീന്‍സ് ഇടരുതെന്ന് പറഞ്ഞ് വിവാദത്തിലായി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുതിയ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

'നമ്മെ 200 വര്‍ഷക്കാലം അടിമകളാക്കുകയും ലോകം മുഴുവന്‍ ഭരിക്കുകയും ചെയ്ത അമേരിക്കയിപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാനായി ബുദ്ധിമുട്ടുകയാണ്'- റാവത്ത് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ മുന്നിലാണെന്ന് ചൂണ്ടിക്കാട്ടവെയാണ് ഉത്തരഖണ്ഡ് മുഖ്യമന്ത്രി അമേരിക്കയെക്കുറിച്ചുള്ള പ്രസ്താവനയും നടത്തിയത്. ലോകത്ത് ആരോഗ്യ പരിപാലനത്തില്‍ മുന്നില്‍ നില്‍ക്കുമ്പോഴും അമേരിക്കയില്‍ 50 ലക്ഷം കോവിഡ് മരണങ്ങളാണുള്ളതെന്ന് തിരത് സിങ് റാവത്ത് പറഞ്ഞു. അവര്‍ വീണ്ടും ലോക്ഡൗണിലേക്ക് പോവുകയാണ്. ഇന്ത്യയില്‍ മോദിക്ക് പകരം മറ്റാരെങ്കിലുമാണ് പ്രധാനമന്ത്രി ആയിരുന്നതെങ്കില്‍ എന്താവുമായിരുന്നെന്ന് പറയാന്‍ കഴിയില്ല. നമ്മള്‍ ഒരു മോശം അവസ്ഥയിലായിരുന്നെന്നും പ്രധാനമന്ത്രി നമുക്ക് ആശ്വാസം നല്‍കിയെന്നും റാവത്ത് പറഞ്ഞു.

നേരത്തെ പെണ്‍കുട്ടികള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനെപ്പറ്റി റാവത്ത് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധസംഘടനാ പ്രവര്‍ത്തനം നടത്തുന്നത് കണ്ട് താന്‍ ഞെട്ടിയെന്നും ഇവര്‍ ഇത്തരം വേഷവിധാനത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നുമായിരുന്നു ഉത്തരാഖണ്ഡ്  മുഖ്യമന്ത്രിയുടെ പരാമര്‍ശം.

'ഇത്തരത്തിലുളള ഒരു സ്ത്രീ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സമൂഹത്തിലേക്കിറങ്ങുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുകയാണെങ്കില്‍ നാം എന്തുതരത്തിലുളള സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത്? ഇതെല്ലാം ആരംഭിക്കുന്നത് വീട്ടില്‍ നിന്നാണ്. നാം എന്തുചെയ്യുന്നോ അത് നമ്മുടെ കുട്ടികള്‍ പിന്തുടരും. വീട്ടില്‍ ശരിയായ സംസ്‌കാരം പഠിപ്പിക്കുന്ന കുട്ടി അവന്‍ എത്ര ആധുനികരായാലും ജീവിതത്തില്‍ ഒരിക്കലും പരാജയപ്പെടുകയില്ല.'- ഉത്തരാഖണ്ഡ്  മുഖ്യമന്ത്രി പറഞ്ഞു.

ഇത് വലിയ വിവാദമാവുകയും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തതോടെ തിരത് സിങ് റാവത്ത് മാപ്പ് പറഞ്ഞിരുന്നു. അപ്പോഴും പെണ്‍കുട്ടികള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

Content Highlights: America Ruled India For 200 Years says Uttarakhand Chief Minister