ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ആശങ്ക അറിയിച്ച് അമേരിക്ക. മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തുന്നത് തികച്ചും ആശങ്കജനകമാണെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ മുതിര്‍ന്ന നേതാക്കളുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി യു.എസ്. എത്തിയിരിക്കുന്നത്‌. 

ദുരുപയോഗം തടയാന്‍ മുന്‍കൈ എടുക്കേണ്ടത് കമ്പനിയാണെന്നും അമേരിക്ക പറഞ്ഞു. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പെഗാസസ് വിഷയം ഉന്നയിക്കും. പ്രധാനമന്ത്രിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായും നടത്തുന്ന കൂടിക്കാഴ്ചയിലായിരിക്കും വിഷയം ഉന്നയിക്കുക. പൊതുവായ വിഷയമെന്ന നിലയിലായിരിക്കും പെഗാസസ് വിഷയം ഇന്ത്യയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഉന്നയിക്കുക. 

അതേസമയം 2019-ലെ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ 1400-ഓളം വാട്‌സാപ്പ് ഉപയോക്താക്കള്‍ ഇരയായെന്ന് വാട്‌സാപ്പ് സി.ഇ.ഒ വില്‍ കാത്ചാര്‍ട്ട് പറഞ്ഞു. യു.എസ് സര്‍ക്കാരുമായി ബന്ധമുള്ള ഉന്നത പദവി അലങ്കരിക്കുന്നവരുടെ ഫോണ്‍ അടക്കം ചോര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. മൊബൈല്‍ ഫോണുകള്‍ ഒരു തരത്തില്‍ സുരക്ഷിതമാണെന്നും അല്ലെങ്കില്‍ സുരക്ഷിതമല്ലെന്നും അദ്ദേഹം 'ദി ഗാര്‍ഡിയന്' അനുവദിച്ച അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: america raises concern over pegasus spy software phone tapping