സച്ചിൻ വാസേ
മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസേ സ്ഫോടക വസ്തു കണ്ടെത്തിയ വാഹനത്തിന്റെ ഉടമയായ മന്‍സൂഖ് ഹിരേനിനെ വാഹനം മോഷണം പോയ ദിവസം കണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഈ വാഹനത്തില്‍ അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകള്‍ അന്വേഷിക്കുന്ന എന്‍.ഐ.എയും എ.ടി.എസുമാണ് മുംബൈ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന് വാസേയും മന്‍സൂഖ് ഹിരേനും സംസാരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പിന്നീട് വാഹന ഉടമയായ മന്‍സൂഖ് ഹിരേനിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ മരണത്തിന് പിന്നില്‍ സച്ചിന് വാസെ ആണെന്ന് ഹിരനിന്റെ ഭാര്യ ആരോപിച്ചിരുന്നു.
ഫെബ്രുവരി 17 നാണ് വാസേയും ഹിരനും കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. കാറിനുള്ളില്‍ വെച്ച് നടത്തിയ സംഭാഷണം 10 മിനുട്ട് നീണ്ടുനിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 17 ന് തന്റെ വാഹനം സെന്‍ട്രല്‍ മുംബൈയിലെ വിക്രോലി ഭാഗത്ത് ഹൈവേയ്ക്ക് സമീപം നിര്ത്തിയിട്ടിരിക്കുകയായിരുന്നവെന്നും പിന്നീട് ഇത് മോഷണം പോയതായും ഹിരേന്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് മൊഴി നല്‍കിയിരുന്നു.
ഹിരേനിന്റെ ഈ മൊഴി നേരത്തെ ക്രൈം ബ്രാഞ്ച് ചുമതലയുണ്ടായിരുന്ന വാസെ തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ ദിവസം തന്നെ ഹിരേനുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വാസെ എവിടെയും സൂചിപ്പിച്ചിട്ടില്ല എന്നതാണ് ദുരൂഹമാകുന്നത്. നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ ഉള്ള വാസേയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
Content Highlights: Ambani Scare: Mumbai Cop Met Businessman Linked To SUV Stolen Hours Later
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..