രാഹുൽ ഗാന്ധിയും പ്രിയങ്കയും |ഫോട്ടോ:ANI
ലഖ്നൗ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കടന്നു. ലോനി അതിര്‍ത്തിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യാത്രയെ സ്വാഗതം ചെയ്തു. 'സത്യത്തിന്റെ പാത' പിന്തുടരുന്നതിന് തന്റെ സഹോദരനെ പ്രശംസിച്ച പ്രിയങ്ക, യാത്രയില്‍ പങ്കെടുത്തവരോട് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ആദരവിന്റെയും സന്ദേശം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തുടര്‍ന്നും കൊണ്ടുപോകാന്‍ അഭ്യര്‍ത്ഥിച്ചു.
കോടികളെറിഞ്ഞ് സര്‍ക്കാര്‍ രാഹുലിന്റെ ഇമേജ് ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. വന്‍കിട വ്യവസായികളായ അദാനിയും അംബാനിയും രാഹുല്‍ ഒഴികെ എല്ലാത്തിനേയും വിലയ്ക്ക് വാങ്ങിയെന്നും പ്രിയങ്ക ആരോപിച്ചു.
'എന്റെ പ്രിയ ജ്യേഷ്ഠാ, ഞാന്‍ നിങ്ങളെയോര്‍ത്ത് വളരയെധികം അഭിമാനം കൊള്ളുന്നു. കാരണം, സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനായി ചെലവഴിക്കുന്നത്. എന്നാല്‍ സത്യത്തിന്റെ പാതയില്‍നിന്ന് താങ്കള്‍ പിന്തിരിയുന്നില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖല സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ അവര്‍ക്ക് വിലക്ക് വാങ്ങാന്‍ സാധിച്ചില്ല. അവര്‍ക്കതിന് ഒരിക്കലും സാധിക്കില്ല. അതില്‍ എനിക്ക് അഭിമാനമുണ്ട്', യാത്രയെ സ്വീകരിച്ചുകൊണ്ട് ലോനിയില് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.
അടുത്ത മൂന്ന് ദിവസം ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തും. ജനുവരി ആറിന് ഹരിയാണയിലേക്ക് കടക്കും. തുടര്‍ന്ന് 11 മുതല്‍ 20 വരെ പഞ്ചാബിലാണ് യാത്ര. ഇതിനിടെ ഒരു ദിവസം ഹിമാചല്‍ പ്രദേശിലും പര്യടനമുണ്ട്. ജനുവരി 20-ഓടെ യാത്ര ജമ്മു കശ്മീരിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Ambani, Adani bought leaders but couldn’t buy my brother, Priyanka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..