Photo: AFP
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിനെതിരേ കോടതിയെ സമീപിച്ച് ആമസോണ്‍. 2019 ലെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടിനെ കുറിച്ചുള്ള ഇ.ഡി അന്വേഷണത്തിനെതിരേയാണ് ആമസോണ്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ 2019 ല്‍ ആമസോണ്‍ നടത്തിയ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തെ കുറിച്ച് കഴിഞ്ഞ നാല് മാസമായി ഇ.ഡിയുടെ അന്വേഷണം നടക്കുകയാണ്. ഇടപാടില്‍ വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന പരാതിയിലാണ് അന്വേഷണം.
വിഷയവുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണങ്ങളാണ് ഇ.ഡി നടത്തുന്നതെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആമസോണ്‍ ആരോപിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാടുമായി ഒരു ബന്ധവുമില്ലാത്ത കമ്പനിയുടെ നിര്‍ണായക വിവരങ്ങളാണ് ഇ.ഡി ചോദിക്കുന്നത്.
കമ്പനിയുടെ ഇന്ത്യയിലെ മേധാവി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അപമാനിക്കുന്ന നിലപാടാണ് ഇ.ഡി സ്വീകരിക്കുന്നതെന്നും ആമസോണ്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍, വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ ഇ.ഡി അധികൃതരോ ആമസോണോ തയ്യാറായില്ല. കേസ് വ്യാഴാഴ്ച പരിഗണിക്കും.
ആമസോണ്‍-ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇടപാട് തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ക്കും കോടതി നടപടികള്‍ക്കും കാരണമായിരുന്നു. കഴിഞ്ഞയാഴ്ച ഈ ഇടപാട് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) സസ്‌പെന്‍ഡ് ചെയ്തിരുന്നു. റെഗുലേറ്ററി അനുമതി തേടുമ്പോള്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതികള്‍ പരിശോധിച്ചായിരുന്നു നടപടി.
Content Highlights: Amazon Sues Enforcement Directorate


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..