ന്യൂഡല്‍ഹി: തദ്ദേശീയ സംരംഭകര്‍ക്ക് ഭീഷണിയാണെന്ന് ആരോപിക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ആര്‍എസ്എസ് പ്രസിദ്ധീകരണത്തിന് മറുപടി നല്‍കി ആമസോണ്‍. ആര്‍എസ്എസ് ബന്ധമുള്ള പ്രസിദ്ധീകരണമായ പഞ്ചജന്യയുടെ വിമര്‍ശനത്തിന് മണിക്കൂറുകള്‍ക്കകമാണ് ഇ-കൊമേഴ്‌സ് വമ്പന്‍മാരായ ആമസോണിന്റെ മറുപടി ലഭിച്ചിരിക്കുന്നത്.

വില്‍പ്പനക്കാര്‍, കരകൗശല വിദഗ്ധര്‍, വിതരണ -  ലോജിസ്റ്റിക് പങ്കാളികള്‍ എന്നിവരടക്കുള്ള ചെറുകിട ബിസനുസുകാര്‍ക്ക് തങ്ങളുടെ ഇടപാടുകളിലൂടെ ലഭിക്കുന്ന മെച്ചം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആമസോണ്‍ മറുപടി നല്‍കിയിരിക്കുന്നത്.

'കോവിഡ് മഹാമാരി കാലത്ത് മൂന്ന് ലക്ഷം പുതിയ വില്‍പ്പനക്കാര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അതില്‍ 450 നഗരങ്ങളില്‍ നിന്നായി 75000 ത്തോളം പ്രാദേശിക അയല്‍പ്പക്ക കടകളായിരുന്നു ഫര്‍ണീച്ചര്‍, സ്റ്റേഷനറി, സൗന്ദര്യവര്‍ധക വസ്തുക്കള്‍, തുണിത്തരങ്ങള്‍, മൊബൈല്‍ ഫോണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തത്' -  ആമസോണ്‍ പ്രസ്താവനയില്‍ കുറിച്ചു.

70000-ത്തിലധികം ഇന്ത്യന്‍ വ്യവസായികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ലോകമെമ്പാടും കയറ്റുമതി ചെയ്യാനും വിതരണം ചെയ്യാനും ആമസോണ്‍ വഴി സാധിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഒക്ടോബര്‍ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ പതിപ്പിലാണ് അമേരിക്കന്‍ കമ്പനിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പാഞ്ചജന്യ കവര്‍ സ്റ്റോറി ചെയ്തിരിക്കുന്നത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ മുഖചിത്രത്തോടെയാണ് മാസിക പുറത്തിറങ്ങാനിരിക്കുന്നത്. ഇതിന്റെ കവര്‍ചിത്രം മാസികയുടെ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യ പിടിച്ചടക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെ ചെയ്തിരുന്നോ അതുതന്നയാണ് ഇപ്പോള്‍ ആമസോണ്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0'എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ആരോപിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ കുത്തകാവകാശം സ്ഥാപിക്കാന്‍ ആമസോണ്‍ ശ്രമിക്കുകയാണ്. ഇതുവഴി പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാന്ത്ര്യത്തിലേക്ക് കടന്നുകയറാനുള്ള പദ്ധതികള്‍ അവര്‍ ആരംഭിച്ചതായും പാഞ്ചജന്യ ആരോപിച്ചു. 

ആമസോണിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിനെതിരെയും പാഞ്ചജന്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായ സിനിമകളും ടെലിവിഷന്‍ സീരീസുകളുമാണ് പ്രൈം റിലീസ് ചെയ്യുന്നതെന്നും പാഞ്ചജന്യ ആരോപിച്ചു. ആമസോണ്‍ രാജ്യത്ത് നരവധി വ്യാജ സ്ഥാപനങ്ങളെ നിയമച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നയങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ കോടികളുടെ കോഴ നല്‍കിയെന്നും മാസിക ആരോപിക്കുന്നു.