ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പഞ്ചാബ് രാഷ്ട്രീയത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസുമായി ഇടഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ നീക്കങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഒരുവര്‍ഷത്തോളം നീണ്ട കര്‍ഷക സമരങ്ങള്‍ക്കൊടുവില്‍ വിവാദ നിയമങ്ങള്‍ റദ്ദാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അമരീന്ദര്‍ സിങ് ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. 

പഞ്ചാബിനും സിഖുകാര്‍ക്കും ഏറെ പ്രധാനമായ ഗുരുനാനാക് ജയന്തി ദിനത്തിലാണ് കര്‍ഷകര്‍ക്ക് അനുകൂലമായ നിര്‍ണായക പ്രഖ്യാപനത്തിനായി മോദി തിരഞ്ഞെടുത്തതെന്നും ശ്രദ്ധേയമാണ്. ഈ മഹത്തായ ദിനത്തില്‍ തന്നെ മുഴുവന്‍ പഞ്ചാബികളുടെയും ആവശ്യങ്ങള്‍ അംഗീകരിച്ച് മൂന്ന് കരിനിയമങ്ങളും പിന്‍വലിച്ച പ്രധാനമന്ത്രി മോദിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും അമരീന്ദര്‍ പ്രതികരിച്ചു. കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും അമരീന്ദര്‍ ട്വീറ്റ് ചെയ്തു. 

മോദിയെ പ്രത്യേകം അഭിനന്ദിച്ചുള്ള അമരീന്ദറിന്റെ ഈ വാക്കുകള്‍ കോണ്‍ഗ്രസിനുള്ള വ്യക്തമായ മറുപടിയാണ്. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കാനുള്ള സാധ്യതകള്‍ ബലപ്പെടുന്നതിന്റെ സൂചന കൂടിയാണിത് കോണ്‍ഗ്രസ് വീട്ടതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ അമരീന്ദര്‍ തന്റെ നിലപാട് സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പും കോണ്‍ഗ്രസിന് നല്‍കിയിരുന്നു. 

നിയമങ്ങള്‍ പിന്‍വലിക്കുമെന്ന തീരുമാനത്തോടെ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യത്തിലും വലിയ മാറ്റങ്ങള്‍ ബിജെപി പ്രതീക്ഷിക്കുന്നു. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചേക്കില്ലെന്ന് പ്രീ പോള്‍ സര്‍വേകള്‍ മാറിയേക്കാം. 

കഴിഞ്ഞ വര്‍ഷം സമരം ആരംഭിച്ചതു മുതല്‍ കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ അമരീന്ദറിന് ബിജെപിയിലേക്ക് അടുക്കാനുള്ള പ്രധാന തടസവും ഈ നിയമങ്ങളായിരുന്നു. എന്നാല്‍ ഇവ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായതോടെ കാര്യങ്ങള്‍ അനുകൂലമായി. ഇതുവഴി ബിജെപിയുമായി കൂട്ടുകെട്ടിലേക്ക് നീങ്ങാനും അമരീന്ദറിന് കഴിയും. കീഴടങ്ങി നേട്ടമുണ്ടാക്കാമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു 

കര്‍ഷ സമരം കര്‍ഷകരുടെ താത്പര്യത്തിന് അനുസരിച്ച് പരിഹരിക്കപ്പെട്ടാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചേക്കാമെന്ന് നേരത്തെ അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രലും പറഞ്ഞിരുന്നു. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച പുതിയ വഴിത്തിരിവുകള്‍ അമരീന്ദര്‍-ബിജെപി സഖ്യത്തിലേക്കാണ്‌ നിങ്ങുന്നത്. അകാലിദള്‍ ഗ്രൂപ്പുമായും പഞ്ചാബ് ലോക് കോണ്‍ഗ്രസ് കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ട്. ഇതെല്ലാം സാധ്യമായാല്‍ 2022 നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിര്‍ണായക ശക്തിയായി അമരീന്ദര്‍ മാറും. അമരീന്ദറിലൂടെ സംസ്ഥാനത്ത് സാന്നിധ്യം അറിയിക്കാമെന്ന് ബിജെപിയും പ്രതീക്ഷയിലാണ്‌.

ആര്‍എസ്എസ് തീരുമാനവും നിര്‍ണായകം 

രാജ്യത്തുടനീളം കര്‍ഷക സമരം അതിശക്തമായി മുന്നേറുമ്പോഴും ഒരുകാരണവശാലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച തീരുമാനത്തിലായിരുന്നു ബിജെപി. ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് നിയമങ്ങള്‍ പിന്‍വലിച്ച തീരുമാനത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ നിലപാടും നിര്‍ണായകമായി. 

സമരം നീണ്ടു പോകുന്നത് രാജ്യത്തിന് നല്ലതല്ലെന്നും സമരം ഒത്തുതീര്‍പ്പാക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. സമരം അവസാനിപ്പിക്കാന്‍ കൂടുതല്‍ എന്തു ചെയ്യാനാവുമെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി ഈ വര്‍ഷം തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍എസ്എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘവും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

സ്വന്തം ചേരിയില്‍ നിന്നുകൂടി എതിര്‍പ്പുകള്‍ വര്‍ധിച്ചതോടെ മറ്റു വഴികളില്ലാതെയാണ് ഒടുവില്‍ ബിജെപിയുടെ മനംമാറ്റം. വര്‍ധിച്ചു വരുന്ന എതിര്‍പ്പുകള്‍ നിരന്തരം അവഗണിച്ചാല്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബിജെപി നേതൃത്വത്തിന് ബോധ്യമായി. ഈ തിരിച്ചറിവിന് ഒരുവര്‍ഷത്തോളം വേണ്ടിവന്നുവെന്നു മാത്രം. 

content highlights: Amarinder welcomes Centres decision to repeal farm laws, move paves way to join hands with BJP