ന്യൂഡൽഹി: രാജിവെച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിനെ പുകഴ്ത്തി കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി. ഗാന്ധി കുടുംബാംഗങ്ങളെക്കാള്‍ ജനപ്രീതി അമരീന്ദറിന് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് ജോഷി ആരോപിച്ചു.

'അമരീന്ദർ സിങ് ജനസമ്മതനായ നേതാവായിരുന്നു. സോണിയാ ഗാന്ധിയേക്കാളും, രാഹുൽ ഗാന്ധിയേക്കാളും കൂടുതൽ ജനസമ്മതനായി വളരുന്നു എന്ന ഭയം കൊണ്ടാണ് കോൺഗ്രസ് അദ്ദേഹത്തെഒഴിവാക്കിയത്' -  പ്രഹ്ലാദ് ജോഷി പറഞ്ഞു.

എന്നാൽ കർണാടക, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരെ മാറ്റിയതുമായിബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.  ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം പഞ്ചാബിൽ അമരീന്ദർ സിങിന്റെ പിൻഗാമിയായി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ എത്തുമെന്നാണ് സൂചന. ചണ്ഡിഗഢിൽ നടന്ന നേതൃയോഗം രണ്‍ധാവയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഹൈക്കമാന്റും അദ്ദേഹത്തെ പിന്തുണച്ചതായാണ് വിവരം. നിലവില്‍ സഹകരണ-ജയില്‍ വകുപ്പ് മന്ത്രിയാണ് സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ.

Content Highlights: Amarinder was growing more popular than the Gandhis - Union minister