ന്യൂഡൽഹി: പുതിയ പാർട്ടിയുമായി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ചൊവ്വാഴ്ചയാണ് പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ നടത്തിയത്. കർഷക സമരം അവസാനിപ്പിച്ചാൽ ബി.ജെ.പിയുമായി കൂട്ട് ആകാമെന്നും തുക്രാൽ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ, അമരീന്ദർ സിങ് രൂപവത്കരിക്കുന്ന പുതിയ പാർട്ടി വിവിധ അകാലി ഗ്രൂപ്പുകളുമായി സഖ്യത്തിന് ശ്രമിക്കുമെന്നും കർഷക നിയമങ്ങൾക്കെതിരെ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന കർഷക സമരം അവസാനിപ്പിച്ചാൽ ബി.ജെ.പിയുമായി സഖ്യം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിൽ ആവശ്യം രാഷ്ട്രീയ സ്ഥിരതയും ആഭ്യന്തര, വിദേശ ഭീഷണിയിൽനിന്നുള്ള സുരക്ഷയുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തപ കലഹം രൂക്ഷമായതിന് പിന്നാലെ അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുടെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ അമരീന്ദർ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ, കർഷക സമരം ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. 

അമരീന്ദർ ഇപ്പോഴും കോൺഗ്രസിൽനിന്ന് ഔദ്യോഗികമായി രാജിവെച്ചിട്ടില്ല. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ ഹൈക്കമാൻഡ് അമരീന്ദർ സിങ്ങിനെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ, നേരത്തെ തന്നെ അമരീന്ദർ സിങ് ബി.ജെ.പിയും അകാലിദളുമായി കൂട്ട് ഉണ്ടാക്കിയിരുന്നുവെന്നും ബി.ജെ.പി. അജണ്ടകളായിരുന്നു നടപ്പിലാക്കിയിരുന്നത് എന്നുള്ള ആരോപണവുമായി പഞ്ചാബ് മന്ത്രി പർഘട് സിംഗ് രംഗത്തെത്തിയിട്ടുണ്ട്. 

Content highlights: Amarinder Singh To Form Party, Open To Alliance With BJP