ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയുമായി കൈകോര്‍ത്തുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. അമരീന്ദര്‍ സിങ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതായി പറഞ്ഞ കെജ്രിവാള്‍, അദ്ദേഹം ബിജെപിയുടെ ഭാഷയാണ് സംസാരിക്കുന്നതെന്നും ആരോപിച്ചു. 

'ഡല്‍ഹിയില്‍ കരിനിയമങ്ങള്‍ പാസാക്കിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി എനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എങ്ങനെ ഇത്ര താഴ്ന്ന നിലയിലുള്ള രാഷ്ട്രീയം പ്രവര്‍ത്തിക്കാന്‍ സാധിക്കും? ഇത് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളല്ല. അങ്ങനെയാണെങ്കില്‍ രാജ്യത്തെ കര്‍ഷകര്‍ എന്തിനാണ് കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നത്', കെജ്രിവാള്‍ ചോദിച്ചു. 

നഗരത്തിലെ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍കാലിക ജയിലുകളാക്കി മാറ്റാനുള്ള ഡല്‍ഹി പോലീസിന്റെ ആവശ്യം നിരാകരിച്ചതില്‍ കേന്ദ്രത്തിന് വിരോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടായിരുന്നു. അവ ജയിലുകളാക്കാന്‍ അനുമതി നല്‍കാത്തതില്‍ അവര്‍ അസ്വസ്ഥരാണെന്നും കെജ്രിവാള്‍ പറഞ്ഞു. 

പ്രധാനമന്ത്രി മോദിയാണ് പഞ്ചാബ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് യൂണിറ്റ് നേരത്തെ ആരോപിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കുന്നതിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അമരീന്ദര്‍ സിങ്ങും ബിജെപിയും കൈകോര്‍ത്തുവെന്നും പാര്‍ട്ടിയുടെ പഞ്ചാബ് യൂണിറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Amarinder Singh Speaking BJP's Language, Doing Dirty Politics on Farm Bills: Arvind Kejriwal