അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ച പശ്ചാത്തലത്തില്‍ സ്വരാജ് ഇന്ത്യ ദേശീയ പ്രസിഡന്റും സാംസ്‌കാരിക വിമര്‍ശകനുമായ യോഗേന്ദ്ര യാദവുമായി നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.
അയോദ്ധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണം: യോഗേന്ദ്ര യാദവ് - അഭിമുഖത്തിന്റെ ആദ്യ ഭാഗം വായിക്കാം.
ഇന്ത്യ ഒരു മതരാഷ്ട്രമാകുന്നതിന്റെ ശിലാസ്ഥാപനത്തിനാണോ അയോദ്ധ്യയില്‍ ആഗസ്ത് അഞ്ചിന് നമ്മള്‍ സാക്ഷ്യം വഹിച്ചത്?
മതരാഷട്രമെന്ന് ഞാന്‍ വിശേഷിപ്പക്കില്ല. സാങ്കേതികമായി ഇന്ത്യന്‍ റിപ്പബ്ലിക്ക് ഇപ്പോഴുമിവിടെയുണ്ട്. അയോദ്ധ്യയില്‍ നടന്നത് ഭൂരിപക്ഷവാദത്തില്‍ അടിയുറച്ച ഒരു രാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണ്. ഭരണഘടനയെ നിങ്ങള്‍ക്ക് രണ്ടു രീതിയില്‍ നിരാകരിക്കാം. ഭരണഘഘടന ഭേദഗതി ചെയ്തുകൊണ്ടും ഭരണഘടന തത്വങ്ങള്‍ ലംഘിച്ചും. രണ്ടാമത്തേത്, ഭരണഘടന തത്വങ്ങളുടെ ലംഘനം അതാണ് നമ്മള്‍ അയോദ്ധ്യയില്‍ കണ്ടത്. പുതിയൊരു സംവിധാനം ഉടലെടുക്കുകയാണ്. ഹിന്ദുരാഷ്ട്രമെന്ന് ബി.ജെ.പി. ഇതിനെ വിളിക്കില്ല. പൗരന്മാരെ പല തട്ടുകളായി തിരിക്കുന്ന സംവിധാനമാണിത്. മുഖ്യമായും മൂന്നു തട്ടുകളിലുള്ള പൗരസമൂഹമാവും ഈ പുതിയ രാഷ്ട്രത്തിലുണ്ടാവുക. ഇതില്‍ ഒന്നാം തരം പൗരന്മാര്‍ ഹിന്ദുക്കളായിരിക്കും. ഹിന്ദു ഇതര - മുസ്ലിം ഇതര പൗരന്മാരായിരിക്കും രണ്ടാം തരക്കാര്‍. മൂന്നാമത്തെ തട്ടിലായിരിക്കും മുസ്ലിങ്ങളുടെ സ്ഥാനം.
കയ്പു നിറഞ്ഞ മൂന്നു പാഠങ്ങളാണ് അടിസ്ഥാനപരമായി അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മുന്നോട്ടുവെയ്ക്കുന്നത്. മതേതരത്വത്തിന്റെ മരണവും ഭൂരിപക്ഷവാദത്തിലധിഷ്ഠിതമായ പുതിയ രാഷ്ട്രത്തിന്റെ ഉദയവുമാണ് ആദ്യപാഠം. വലിയൊരു ജനസമ്മതി ഇതിനുണ്ടെന്നതാണ് രണ്ടാമത്തെ പാഠം. ബി.ജെ.പിയുടെ ഈ നീക്കത്തെ ഇന്ത്യയിലെ വലിയൊരു ജനവിഭാഗം സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ ഇതിനതെിരാണ്. ഹിന്ദുക്കളിലും ഒരു വിഭാഗം ഈ പുതിയ രാഷ്ട്രത്തിനെതിരാണ്. പക്ഷേ, വലിയൊരു വിഭാഗം ഹിന്ദുക്കള്‍ ഇതിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നുണ്ടെന്നത് കാണാതിരുന്നാല്‍ അത് നമ്മള്‍ നമ്മളെതന്നെ വഞ്ചിക്കുന്നതിന് തുല്ല്യമായിരിക്കും. കഴിഞ്ഞ 70 വര്‍ഷമായി പടുത്തുയര്‍ത്തപ്പെട്ടു കൊണ്ടിരുന്ന രാഷ്ട്രം തകരുകയാണ്. മതേതര ഇന്ത്യ പരാജയപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ പാഠം കുറെക്കൂടി കയ്പേറിയതാണ്. മതേതരത്വത്തിന്റെ സംരക്ഷകര്‍ തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദികള്‍.
വളരെ ഗൗരവമാര്‍ന്ന മൂന്നു പാഠങ്ങളിലക്കോണ് താങ്കള്‍ വിരല്‍ ചൂണ്ടുന്നത്. മൂന്നാമത്തെ പാഠം - മതേരത്വത്തിന്റെ സംരക്ഷകര്‍ തന്നെയാണ് അതിനെ തകര്‍ത്തതെന്നത് ഒന്നു കൂടി വ്യക്താക്കുമോ?
മതേതരത്വത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഏറ്റെടുത്തവര്‍ തന്നെയാണ് അതിനെ തകര്‍ത്തത്. ബി.ജെ.പിയല്ല, ഈ സംരക്ഷകരാണ് മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസാണ് ഈ തകര്‍ച്ചയ്ക്ക് ഉത്തരം പറയേണ്ടത്.
രാമക്ഷേത്ര നിര്‍മ്മാണത്തിനെ കോണ്‍ഗ്രസ് എതിര്‍ക്കണമെന്ന് ആരും ആവശ്യപ്പെടാനിടയില്ല. പക്ഷേ, ബി.ജെ.പിയുടെ അജണ്ടയെ അനുകൂലിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്. പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് (അദ്ദേഹം സിഖ് സമുദായാംഗമാണ്) പറയുന്നത് ഇന്ത്യന്‍ ജനതയുടെ നൂറ്റാണ്ടുകളായുള്ള അഭിലാഷ പൂര്‍ത്തീകരണമാണിതെന്നാണ്. എന്തൊരു അസംബന്ധമാണിത്. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന നോക്കൂ. രാമനെ വാഴ്ത്തുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷേ, അയോദ്ധ്യയില്‍ നടക്കുന്നത് രാമന്റെ മൂല്യങ്ങളുടെ പുനര്‍നിര്‍മ്മാണമാണെന്നൊക്കെ സൂചിപ്പിക്കുന്നത് ഹിന്ദുത്വ അജണ്ടയോട് അടിയറ പറയുന്നതിന് തുല്ല്യമാണ്.
അനീതിയിലും അക്രമത്തിലും രാമനില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന എങ്ങിനെ കാണുന്നു?
രാഹുലിന്റേത് വ്യത്യസ്തമായിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ബി.ജെ.പിയുടെ അജണ്ട അദ്ദേഹം അംഗീകരിച്ചിട്ടില്ല. മതേതര ഇന്ത്യയുടെ മരണത്തിന്റെ മുഖ്യ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ നാളിതുവരെ പ്രത്യക്ഷത്തിലുണ്ടായിരുന്നില്ല. പക്ഷേ, കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുകൂലിച്ചതോടെ ഇതൊരു ദേശീയ പദ്ധതിയായിരിക്കുന്നു.
പ്രത്യയശാസ്ത്രപരമായി പറഞ്ഞാല്‍ മതേതരത്വം പരാജയപ്പെടുന്നതിനുള്ള ഒരു കാരണം അത് സമൂഹത്തിന്റെ മേല്‍തട്ടിലുള്ള വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉന്നതരായ ഒരു വിഭാഗത്തിലേക്ക് (The Elite) ചുരുങ്ങിയതാണ്. ഇന്തയിലെ സാധാരണക്കാരോട് സംസാരിക്കാന്‍ അറിയാത്തവരാണ് മതേതരത്വം കൊണ്ടുനടന്നത്. ഹിന്ദുയിസത്തെ കളിയാക്കാനാണ്, അല്ലാതെ അതിന് നമ്മുടെ കാലത്തിനനുസൃതമായ നവീന ഭാഷ്യം ചമയ്ക്കാനല്ല ഈ മതേതരവാദികള്‍ ശ്രമിച്ചത്. ന്യൂനപക്ഷത്തോടൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ന്യൂനപക്ഷ വര്‍ഗ്ഗീയത കൃത്യമായി അടയാളപ്പെടുത്താന്‍ ഇവര്‍ മറന്നുപോയി. ന്യൂനപക്ഷങ്ങള്‍ ഒരു വോട്ട് ബാങ്ക് മാത്രമാണെന്ന കാഴ്ചപ്പാടാണ് ഇതിന് കാരണമായത്.
പക്ഷേ, ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്നാട്ടിലും കേരളത്തിലും ഇതാണ് അവസ്ഥയെന്ന് പറയാനാവില്ല. ജനസമൂഹത്തിനെ അറിയാവുന്ന അവരുടെ ഭാഷ സംസാരിക്കാനറിയാവുന്നവരാണ് ഇവിടങ്ങളില്‍ മതേതരത്വത്തിന്റെ പതാകയേന്തിയത്?
അത് ഞാന്‍ നിഷേധിക്കുന്നില്ല. തമിഴകത്ത് ദ്രാവിഡ പ്രസ്ഥാനങ്ങളും കേരളത്തില്‍ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ പരിഷക്രണ മുന്നേറ്റങ്ങളും കാണുക തന്നെ വേണം. പക്ഷേ, വര്‍ത്തമാന കാലത്ത് ഇവിടങ്ങളില്‍ പോലും സാധാരണ ജനങ്ങളുമായി കൃത്യമായി സംവദിക്കാന്‍ മതേതരത്വത്തിന്റെ വക്താക്കള്‍ക്ക് കഴിഞ്ഞതായി തോന്നുന്നില്ല. ശബരിമല വിഷയം അതാണ് നമ്മോട് പറയുന്നത്. സുപ്രീം കോടതി വിധിയും ജനകീയ വിശ്വാസങ്ങളും തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍ കഴിയാതെ പോയതല്ലേ കേരളത്തില്‍ പ്രശ്നമായത്? സാധാരണ ജനങ്ങളുമായുള്ള ബന്ധം അറ്റുപോകുന്നതിന്റെ പ്രശ്നമാണിത്.
കേരള സര്‍ക്കാരിനു മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നോ? ഭരണഘടന തത്വങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു സര്‍ക്കാരിന് സുപ്രീം കോടതി വിധി നിറവേറ്റാതിരിക്കാനാവുമോ?
സുപ്രീം കോടതി വിധി തെറ്റാണെന്നല്ല ഞാന്‍ പറയുന്നത്. വാസ്തവത്തില്‍ സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഞാന്‍ ഒരു ലേഖനമെഴുതിയിരുന്നു. പിണറായി വിജയന്‍ ചെയ്തതും തെറ്റായിരുന്നുവെന്നല്ല ഞാന്‍ പറയുന്നത്. സാധാരണക്കാരോട് ഇക്കാര്യം കൃത്യമായി സംവദിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. കേരളത്തിലെ സാധാരണ ജനസമൂഹത്തിന്റെ വിശ്വാസസംഹിതകള്‍ മനസ്സിലാക്കി അതിനനുസൃതമായി സുപ്രീം കോടതി വിധി അവതരിപ്പിക്കാന്‍ ഇടതുപക്ഷത്തിനായില്ല. നീതിയുടെ നിറവേറലാണ് സുപ്രീം കോടതി വിധിയിലുള്ളതെന്ന് ജനസമൂഹത്തിനോട് അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ പറയാനായില്ല. ഈ ഭാഷ നമുക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു. നാരായണ ഗുരുവിനും പെരിയാറിനും ഈ ഭാഷ അറിയാമായിരുന്നു. ആധുനിക മതേതരത്വത്തിന് ഈ ഭാഷ അറിയില്ല.
നമുക്ക് കോണ്‍ഗ്രസിലേക്ക് തിരിച്ചു വരാം. കോണ്‍ഗ്രസിനെതിരെ നിശിത വിമര്‍ശമാണ് താങ്കള്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടിയത് ബി.ജെ.പിയുടെ ദുര്‍ബ്ബലമായ അനുകരണമാവാന്‍ ശ്രമിക്കുന്നതിനു പകരം ബി.ജെ.പിക്ക് ബദലാവുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നാണ്?
മണിശങ്കര്‍ അയ്യരുമായി പല കാര്യത്തിലും എനിക്ക് വിയോജിപ്പുണ്ട്. പക്ഷേ, ഇവിടെ ഞാന്‍ അദ്ദേഹത്തോട് യോജിക്കുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ടു ഭാഷകളേ ഇന്നു നിലവിലുള്ളു. ഒന്ന് മതേതരത്വത്തിന്റെ ഭാഷ. ഈ ഭാഷയ്ക്ക് പക്ഷേ, സാധാരണ ജനങ്ങളുടെ ഹൃദയമിടിപ്പറിയില്ല. രണ്ടാമത്തേത് ഭൂരിപക്ഷവാദത്തിലൂന്നിയ വര്‍ഗ്ഗീയതയുടെ ഭാഷ. കോണ്‍ഗ്രസ് തുടക്കത്തില്‍ ആദ്യത്തെ ഭാഷയാണ് സംസാരിച്ചത്. ഇപ്പോഴത് രണ്ടാമത്തെ ഭാഷയിലേക്ക് നീങ്ങിയിരിക്കുന്നു. നമുക്ക് വേണ്ടത് മൂന്നാമതൊരു ഭാഷയാണ്. ഈ രാജ്യത്തെ വ്യത്യസ്തവും വിഭിന്നവുമാര്‍ന്ന ആദ്ധ്യാത്മിക പാരമ്പര്യങ്ങളോട് സംവദിക്കാന്‍ കഴിയുന്ന ഭാഷ.
നെഹ്രു ഉയര്‍ത്തിപ്പിടിച്ചത് ആദ്യത്തെ ഭാഷയായിരുന്നുവെന്നാണോ താങ്കള്‍ സൂചിപ്പിക്കുന്നത്? സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണ വേളയില്‍ അതൊരു മ്യൂസിയമായി മാറണമെന്നതായിരുന്നു നെഹ്രുവിന്റെ നിലപാട്. എന്നാല്‍ ക്ഷേത്രമായി തന്നെ തുടരണമെന്ന നിലപാടാണ് പട്ടേലും രാജേന്ദ്രപ്രസാദും മുന്നോട്ടുവെച്ചത്. നെഹ്രുവിന്റെ നിലപാട് ഇന്ത്യന്‍ സംസ്‌കൃതിയുടെ നിരാകരണമായിരുന്നുവെന്ന വാദമാണ് ബി.ജെ.പി. എക്കാലത്തും എടുത്തിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് ആദ്യം സംസാരിച്ചത് നെഹ്രുവിന്റെ ഭാഷയിലാണെന്നു പറയുമ്പോള്‍ സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന ഈ വിമര്‍ശവും കണക്കിലെടുക്കണമെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്?
സോമനാഥ ക്ഷേത്രമെന്ന സവിശേഷ ഉദാഹരണത്തിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല. പക്ഷേ, സംഘപരിവാറിന്റെ ഈ കാഴ്ചപ്പാട് കാണാതിരിക്കേണ്ട കാര്യമില്ല. നെഹ്രുവിന്റെ വീക്ഷണങ്ങള്‍ ഇന്ത്യന്‍ ജനസമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ പള്‍സ് പിടിച്ചെടുക്കുന്നതില്‍ വിജയിച്ചെന്ന് പറയാനാവില്ല. ഗാന്ധിയും നെഹ്രുവും തമ്മിലുള്ള വ്യത്യാസമിവിടെയാണ്. ഗാന്ധിക്ക് മതത്തിന്റെ ഭാഷ അറിയാമായിരുന്നു. ഹിന്ദു മതത്തിന്റെ മാത്രമല്ല ഇസ്ലാം, ക്രാിസ്ത്യന്‍ മതങ്ങളുടെ ഭാഷകളും ഗാന്ധിക്കറിയാമായിരുന്നു. ഇന്ത്യയിലെ ബഹുസ്വരതയുടെ ഭാഷയാണത്. ഗാന്ധിജിയുടെ മതേതരത്വം സംസാരിച്ചത് ഈ ഭാഷയിലാണ്. നെഹ്രുവിന്റേത് ഇംഗ്ളിഷ് സംസാരിക്കുന്നവരുടെ മതേതരത്വമായിരുന്നു. അത് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വിശ്വാസ സംഹിതകള്‍ ഗൗരവമായി എടുത്തില്ല. ഇന്നിപ്പോള്‍ മതേതരത്വം വീണ്ടെടുക്കണമെങ്കില്‍ നമ്മള്‍ തിരിച്ചുപോവേണ്ടത് നെഹ്രുവിലേക്കല്ല, ഗാന്ധിയിലേക്കാണ്.
ഈ വഴിയിലേക്ക് തിരിച്ചുപോകുന്നതിനു പകരം ഹിന്ദുത്വയുടെ പാതയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നാണോ?
അതെ. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തമാണ് ഇതു കാണിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ ഒരു തരത്തിലുള്ള നേട്ടവും ഇത് കോണ്‍ഗ്രസിന് സമ്മാനിക്കാന്‍ പോവുന്നില്ല. ബി.ജെ.പിയുടെ ബി ടീമാവുന്ന കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പുകളില്‍ എന്തു സാദ്ധ്യതയാണുള്ളത്? മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടുന്നത് പൂര്‍ണ്ണമായും ശരിയാണ്.
ഇരുണ്ട ദിനങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് താങ്കള്‍ പറയുകയുണ്ടായി. ഈ ദശാസന്ധിയില്‍ താങ്കള്‍ ശുഭാപ്തി വിശ്വാസിയാണോ?
ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്. ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ഇരുണ്ട ദിനങ്ങളാണിത്. നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്നു. ഇന്ത്യ എന്ന ആശയം തന്നെ ഇല്ലാതാവുകയാണ്. പക്ഷേ, ഇന്ത്യന്‍ സംസ്‌കാരം അങ്ങനെയങ്ങ് തകരില്ലെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.
ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് കാര്യമായ പങ്കൊന്നും ഇനി വഹിക്കാനില്ലെന്ന് താങ്കള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിച്ച് ഒരു പുനരുജ്ജീവനത്തിന് കോണ്‍ഗ്രസിനാവില്ലെന്നാണോ താങ്കള്‍ കരുതുന്നത്. ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രീയമണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും പ്രസക്തമല്ലേ?
ഞാന്‍ നേരത്തെ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് മരിക്കണം. ഇതിന്റെയര്‍ത്ഥം കോണ്‍ഗ്രസ് ഉടനെ മരിക്കാന്‍ പോവുകയാണെന്നോ അല്ലെങ്കില്‍ ഭാവിയില്‍ മരിക്കുമെന്നോ അല്ല. ഇത്തരമൊരു വിഷമഘട്ടത്തില്‍ രാജ്യത്തെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണിങ്ങനെയൊരു പാര്‍ട്ടി? എന്ത് പ്രസക്തിയാണ് ഈ പാര്‍ട്ടിക്കുള്ളത്? കോണ്‍ഗ്രസിന്റെ പ്രയോജനമില്ലായ്മ വ്യക്തമാക്കാനാണ് മരണത്തിന്റെ രൂപകം ഞാന്‍ കൊണ്ടുവരുന്നത്.
അപ്പോള്‍ കോണ്‍ഗ്രസിന്റെ മരണമല്ല താങ്കള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥയിലുള്ള ഉത്ക്കണ്ഠയും ആശങ്കയുമാണ് താങ്കളുടെ വാക്കുകളില്‍ നിഴലിക്കുന്നത്. ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് ഇനിയും തിരിച്ചുവരവിനുള്ള സാദ്ധ്യതയില്ലേ?
ഞാന്‍ കോണ്‍ഗ്രസിന്റെ ഉപദേശകനല്ല. ഇപ്പോള്‍തന്നെ കോണ്‍ഗ്രസിന് നൂറുകണക്കിന് ഉപദേശകരുണ്ട്. ഞാന്‍ കോണ്‍ഗ്രസിന്റെ ആരാധകനോ ശത്രുവോ അല്ല. ഇനിയിപ്പോള്‍ ചരിത്രപരമായ ഒരു കടമയും കോണ്‍ഗ്രസിന് നിര്‍വ്വഹിക്കാനില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നിറവേറ്റേണ്ടിയിരുന്ന ദൗത്യം ബി.ജെ.പിയെ തടയുകയെന്നതായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരം നിലനിര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിയണമായിരുന്നു. കോണ്‍ഗ്രസിന് അതിനായില്ല. അവര്‍ ബി.ജെ.പിയെ നേരിട്ട രീതിയുടെ അപര്യാപ്തത നമ്മോട് പറയുന്നത് ബി.ജെ.പിക്കെതിരെയുള്ള ഒരു ബദല്‍ രൂപവത്ക്കരിക്കുന്നതില്‍ കോണ്‍ഗ്രസ് ഒരു തടസ്സമാണെന്നാണ്. ബി.ജെ.പിക്കെതിരെ ഈ രാജ്യത്തൊരു ബദല്‍ വേണം. ജനാധിപത്യം സംരക്ഷിക്കുന്നതിന് ഈ രാജ്യത്തെ സംരക്ഷിക്കുന്നതിന് അതനിവാര്യമാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതിന് ഈ ബദല്‍ എത്രയും പെട്ടെന്ന് നിലവില്‍ വരണം. കോണ്‍ഗ്രസിന് ഇതില്‍ സ്ഥാനമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാരണം കോണ്‍ഗ്രസ് പ്രശ്നത്തിന്റെ ഭാഗമാണ്, പരിഹാരത്തിന്റെ ഭാഗമല്ല.
കോണ്‍ഗ്രസിനുള്ളില്‍ കുടുംബവാഴ്ച്ച അവസാനിക്കുകയും പുതിയൊരു നേതൃനിര ഉയര്‍ന്നുവരികയും ചെയ്താല്‍?
അതൊക്കെ കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണ്. ഞാന്‍ അതില്‍ തലയിടുന്നില്ല.
കോണ്‍ഗ്രസിന്റെ അഭാവമുണ്ടാക്കുന്ന ശൂന്യത ഭീകരമായിരിക്കില്ലേ?
കോണ്‍ഗ്രസ് തന്നെയാണ് ഈ ശൂന്യതയുണ്ടാക്കുന്നത്. സ്വയം ശൂന്യതയുണ്ടാക്കിയിട്ട് അതിനെച്ചൊല്ലി വിലപിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? കോണ്‍ഗ്രസ് ഇവിടെ ഇരയല്ല. അവരാണ് കുറ്റവാളികള്‍. കുറ്റവാളിക്ക് ഒരിക്കലും ഇരയാവാനാവില്ല. കുറ്റവാളിക്ക് എങ്ങിനെയാണ് പരിഹാരത്തിന്റെ ഭാഗമാവാനാവുക? ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന് ചരിത്രപരമായി എന്തെങ്കിലും റോളുണ്ടോ എന്നാണ് ഞാന്‍ നോക്കുന്നത്. കോണ്‍ഗ്രസിന് അങ്ങിനെയൊരു റോളും ഞാന്‍ കാണുന്നില്ല.
അപ്പോള്‍ പിന്നെ ബി.ജെ.പിക്ക് എങ്ങിനെയുള്ള ബദലാണ് താങ്കളുടെ മനസ്സിലുള്ളത്?
ബി.ജെ.പിക്കൊരു ബദല്‍ കൂടിയേ തീരൂ. നിലവില്‍ അങ്ങിനെയാരു ബദലില്ല. അത് രൂപപ്പെട്ടുവരണം. രണ്ടു പതിറ്റാണ്ടുകള്‍ മുമ്പായിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് ഈ ബദലാകാനാവുമായിരുന്നു. ഇന്നിപ്പോള്‍ അവര്‍ അങ്ങിനെയൊരു അവസ്ഥയിലല്ല. കേരളത്തില്‍ ഇടതുപക്ഷമാവാം ബദല്‍. പക്ഷേ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ അവര്‍ റഡാറിന്റെ പരിധിയിലേ ഇല്ല.
ഒരു ബദലാണെന്ന പ്രതീതി ജനിപ്പിച്ച ആം ആദ്മി പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയും ദയനീയമല്ലേ?
കഴിഞ്ഞ ദിവസം രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അവരെടുത്ത നിലപാട് കണ്ടില്ലേ? ഹിന്ദുത്വയ്ക്ക് രണ്ടാമതൊരു വില്‍പനശാല കൂടി വേണമെന്നും അത് തങ്ങള്‍ നടത്തിക്കൊള്ളാമെന്നുമാണ് എ.എ.പി. പറയുന്നത്. അവരും പരിഹാരത്തിന്റെയല്ല പ്രശ്നത്തിന്റെ ഭാഗമാണ്.
ഇന്ത്യയെന്ന മതേതര റിപ്പബ്ളിക്കിനെ സംരക്ഷിക്കുന്നതിനുള്ള ബദലില്‍ താങ്കള്‍ ആരെയാണ് പ്രതീക്ഷിക്കുന്നത്?
കോണ്‍ഗ്രസിനുള്ളില്‍നിന്നും ഇടതുപക്ഷത്തില്‍നിന്നും എ.എ.പിയില്‍നിന്നും നിരവധി പേര്‍ ഈ ബദലിലേക്ക് വരും എന്നാണ് ഞാന്‍ കരുതുന്നത്. ഈ സംഘടനകളെ നമുക്ക് ആവശ്യമില്ല. അവയ്ക്കുള്ളിലെ മനുഷ്യരെയാണ് നമുക്കാവശ്യം.
മികച്ച സംഘടനാ സംവിധാനമില്ലാതെ പൗരസമൂഹത്തിന് ഇന്ത്യന്‍ റിപ്പബ്ലിക്കിനെ രക്ഷിക്കാനാവുമോ? സി.എ.എയ്ക്കെതിരായുള്ള പൗരസമൂഹത്തിന്റെ പോരാട്ടം എങ്ങുമത്തൊതെ പോയത് കാണാതിരിക്കാനാവുമോ?
തീര്‍ച്ചയായും കൃത്യമായൊരു സംഘടനാ സംവിധാനം ആവശ്യമാണ്. ചരിത്രം അങ്ങിനെയാരു സംവിധാനം മുന്നോട്ടുകൊണ്ടുവരും. 1976-ല്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലും 1989-ല്‍ വി.പി. സിങിന്റെ നേതൃത്വത്തിലും ബദല്‍ ഉടലെടുത്തത് ഓര്‍ക്കുക. അങ്ങിനെയൊരു ബദല്‍ രൂപപ്പെടുമെന്ന് അന്നാരും മുന്‍കൂട്ടിക്കണ്ടിരുന്നില്ല. ഇന്നിപ്പോള്‍ ഈ ചരിത്രമുഹൂര്‍ത്തത്തിലും ഒരു ബദല്‍ ഉയര്‍ന്നുവരും. പ്രതിപക്ഷനിരയില്‍നിന്ന് നിരവധിപേര്‍ ഈ ബദലിലേക്ക് വരും. ആര്‍ജ്ജവവും ആദര്‍ശവുമുള്ള അനേകം പേര്‍ കോണ്‍ഗ്രസിലും ഇടതുപക്ഷത്തിലുമുണ്ട്. അവരൊക്കെ ഈ പുതിയ ബദലിന് ആവേശവും ഊര്‍ജ്ജവും പകരും. ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വെളിയില്‍ നിരവധി സംഘടനകളുണ്ട്. ആദര്‍ശശുദ്ധിയില്‍ പ്രോജ്ജ്വലിക്കുന്ന സംഘടനകള്‍. ഇവയെല്ലാംതന്നെ പുതിയ കൂട്ടായ്മയുടെ ഭാഗമാവും.
Content Highlights: