ന്യൂഡല്‍ഹി: ആളൂര്‍ പീഡന കേസില്‍ പ്രതി സി.സി. ജോണ്‍സണിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. പോലീസ് നടത്തുന്ന അന്വേഷണവുമായി ജോണ്‍സണ്‍ സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജോണ്‍സന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 30 ന് പരിഗണിക്കാനായി കോടതി മാറ്റി. ജാമ്യാപേക്ഷയില്‍  സംസ്ഥാന സര്‍ക്കാരിനും ഇരയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

2016 ല്‍ നടന്നു എന്ന് ആരോപിക്കപ്പെടുന്ന ബലാത്സംഗത്തില്‍ പരാതി നല്‍കാന്‍ അഞ്ച് വര്‍ഷം വൈകിയത് എന്തുകൊണ്ടാണെന്ന് മറുപടി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കാന്‍ ഇരയോട് കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസ് കൈമാറിയിട്ടുണ്ടോയെന്നും  പ്രതിയായ സി.സി ജോണ്‍സണെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് എന്ത് കൊണ്ടാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് മാരായ അജയ് രസ്‌തോഗി, എ എസ് ഓക് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. 

ബലാത്സംഗ കേസ്സുകളില്‍ ഇരകള്‍ പരാതി നല്‍കാന്‍ വൈകുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടാകാമെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി നിരീക്ഷിച്ചു. ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള സംഭവങ്ങളാണ് പല സ്ഥലങ്ങളിലും നിന്ന് കേള്‍ക്കുന്നത്. അടുത്ത ബന്ധുക്കള്‍ നടത്തുന്ന പീഡനം കൂടുന്നു എന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് എന്നും ജസ്റ്റിസ് രസ്‌തോഗി നിരീക്ഷിച്ചു. 

പ്രതി അയച്ച അശ്ലീല സന്ദേശങ്ങള്‍ അടങ്ങുന്ന സിഡി മയൂഖ ജോണിയുടെ പക്കല്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവ ഉചിതമായ സമയത്ത് ഹാജരാക്കുമെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു. ബലാത്സംഗ കുറ്റത്തിന് പുറമെ ഐ ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്ക് മേല്‍ ചുമത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭീഷണി കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഇരയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.

ഒരു സഭയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു കെട്ടിച്ചമച്ച ആരോപണവും കേസ്സുമാണിതെന്ന് ജോണ്‍സണ് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ആരോപണം തെളിയിക്കുന്നതിന് ഇതുവരെയും ഒരു തെളിവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയിട്ടില്ല എന്നും പ്രതിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

സി.സി ജോണ്‍സണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഇരയോടും സംസ്ഥാന സര്‍ക്കാരിനോടും മറുപടി സത്യവാങ് മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 30 ന് മുന്‍ കൂര്‍ ജാമ്യ ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. അത് വരെയാണ് അറസ്റ്റ് തടഞ്ഞത്. 

സി.സി ജോണ്‍സണ് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്, അഭിഭാഷകന്‍ രാകേന്ദ് ബസന്ത് എന്നിവരാണ് ഹാജരായത്. ഇരയ്ക്കുവേണ്ടി  അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരായി.