അലോക് വർമ
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ അഭിമാന പദ്ധതിയായി കാണുന്ന കെ- റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥയാണെന്ന് വെളിപ്പെടുത്തല്‍. കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മയുടേതാണ് വെളിപ്പെടുത്തല്‍.
പ്രളയ, ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതിയുടെ രൂപരേഖയിലില്ല. ബദല്‍ അലൈമെന്റിനെ കുറിച്ച് പഠിക്കാതെയാണ് കേരളത്തിലെ ഇടനാടിലൂടെ പാത പോകുന്നതെന്നും അലോക് വര്‍മ പറഞ്ഞു. ഡല്‍ഹിയില്‍ മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
സ്റ്റേഷനുകളും മറ്റും തീരുമാനിച്ചതും കൃത്രിമ ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) വെച്ചാണ്. സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയോ ബ്രോഡ്‌ഗേജ് വേണോ എന്ന് ആദ്യം റെയില്‍വേ ബോര്‍ഡാണ് തീരുമാനിക്കേണ്ടത്. പദ്ധതിരേഖ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
റെയില്‍വേ പാത, ഡിസൈന്‍, നിര്‍മാണം തുടങ്ങിയ മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തന പരിചയമുള്ള ആളാണ് അലോക് വര്‍മ.
കൃത്രിമമായി കെട്ടിപ്പടുത്ത ഒരു രേഖയാണ് പദ്ധതിയുടെ ഡിപിആർ എന്ന പേരില്‍ റെയില്‍വേ ബോര്‍ഡിന് മുമ്പില്‍ വെച്ചിട്ടുള്ളത്. കേരളത്തിന് വേണ്ടി നേരത്തെ ഡിഎംആര്‍സി തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപം കോപ്പിയടിച്ചാണ് കെ റെയിലിന് വേണ്ടി കൊടുത്തിട്ടുള്ളത്.
യാത്രക്കാരുടെ എണ്ണം കൂട്ടിചേര്‍ത്തിരിക്കുകയാണ്. സ്റ്റേഷനുകള്‍ ക്രമീകരിച്ചതിലും വലിയ പിഴവാണ് വരുത്തിയിട്ടുള്ളത്. നഗരങ്ങളെ ഒഴിവാക്കി ഇടനാടുകളിലാണ് സ്റ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഡിപിആറില്‍ 80 ശതമാനം മണ്ണിട്ട് നികത്തിയ പാതയിലൂടെ ഓടിക്കുമെന്നാണ് പറയുന്നത്. ഭൂപ്രകൃതിയും പ്രളയസാധ്യതയും ഒന്നും പഠിക്കാതെ ഇങ്ങനെ ചെയ്യുന്നത്. ലീഡാര്‍ സര്‍വ്വേ ഡാറ്റ ഉപയോഗിച്ച് കൃത്രിമമായി കെട്ടിചമച്ചതാണ് പദ്ധതിയെന്നും അലോക് വര്‍മ ചൂണ്ടിക്കാട്ടുന്നു.
കെ- റെയില്‍ പദ്ധതിയുടെ മറവില്‍ വലിയ തോതിലുളള റിയല്‍ എസ്‌റ്റേറ്റ് കച്ചവടമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസ്സിലുള്ളതെന്നാണ് അലോക് വര്‍മ സൂചിപ്പിക്കുന്നത്.
Content Highlights : Team Lead of K Rail Project Alok Varma comments on feasibility of the project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..