ചണ്ഡീഗഢ് : പഞ്ചാബില്‍ കോവിഡിന്റെ യു.കെ വകഭേദം വ്യാപിക്കുകയാണെന്നും അതുകൊണ്ട് വാക്സിൻ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. യുകെ വകഭേദ വൈറസിന് കോവിഷീല്‍ഡ് ഫലപ്രദമാണെന്ന് യുകെ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ട് യുവാക്കൾക്കും അടിയന്തരമായി വാക്സിൻ നൽകണം-അമരിന്ദര്‍ സിങ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

കോവിഡ് രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക ശ്രേണി നടത്തിയ 401 സാമ്പിളുകളിൽ 81 ശതമാനവും യുകെ വകഭേദമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ നവംബര്‍ മുതലാണ് വ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം യുകെയില്‍ വ്യാപിച്ചു തുടങ്ങിയത്.

ഇന്നിപ്പോള്‍ യുകെയില്‍ കണ്ടു വരുന്ന 98 ശതമാനം കോവിഡ് കേസുകളും സ്‌പെയിനിലെ 90 ശതമാനം കോവിഡ് കേസുകളും യുകെ വകഭേദമായ ബി 117 ശ്രേണിയില്‍പ്പെട്ടതാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പഞ്ചാബിലുണ്ടായത്. മഹാരാഷ്ട്രയുള്‍പ്പെടെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗമായാണ് ഇതിനെ കണക്കാക്കുന്നത്.

'നിലവില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ അടിയന്തിരമായി എത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വ്യാപനത്തിന്റെ തോത് കുറയ്കക്കാനും ബ്രേക്ക് ദി ചെയിനിനും ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് അത്യാവശ്യമാണ്, 'മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ പറയുന്നു.

24 മണിക്കൂറിനിടെ 2,229 പുതിയ കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്. 58 ആളുകളാണ് ഒറ്റ ദിവസം സംസ്ഥാനത്ത് മരിച്ചത്.

content highlights: allow vaccination for younger people as 81 per cent of Covid samples are UK Varient, Punjab CM To PM