ന്യൂഡൽഹി: അവശ്യസാധനങ്ങൾ അല്ലാത്തവയും വിൽക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്സ് കമ്പനികൾ രംഗത്ത്. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളാണ് ആമസോൺ, ഫ്ളിപ്കാർട്ട് എന്നീ കമ്പനികളാണ് ഈയൊരു ആവശ്യവുമായി സർക്കാരിനെ സമീപിച്ചത്. ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ചില ചില്ലറ വിൽപന കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവർ കേന്ദ്രസർക്കാരിന് മുന്നിൽ നിർദ്ദേശം സമർപ്പിച്ചത്.

വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവരുൾപ്പെടെയുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഓൺലൈൻ വിൽപന അനുവദിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഫ്ളിപ്കാർട്ട് പറയുന്നത്. സുരക്ഷിതമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഉത്‌പന്നങ്ങൾ ഉപഭോക്താക്കൾക്ക് വാങ്ങാൻ ഇ- കൊമേഴ്സ് വഴി വളരെ എളുപ്പം സാധിക്കുമെന്ന് ഇവർ പറയുന്നു.

ജനങ്ങൾ സുരക്ഷിതരായി ഇരിക്കുന്നതിന് തങ്ങൾ പ്രതിജ്ജാബദ്ധരാണെന്നാണ് ആമസോൺ പറയുന്നത്. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ ഇ-കൊമേഴ്സ് കമ്പനികളെ അനുവദിക്കണമെന്നും അവർ അഭ്യർഥിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഷോപ്പിങ് മാളുകളല്ലാത്ത എല്ലാ കടകളും തുറക്കാൻ അനുമതിയുണ്ട്. അവശ്യസാധനങ്ങളും അല്ലാത്തതും വിൽക്കുന്ന കടകൾക്ക് ഇതുപ്രകാരം തുറന്ന് പ്രവർത്തിക്കാം. എന്നാൽ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഒരുകടയും തുറക്കാൻ അനുവാദമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

Content HIghlig:Allow us to sell non-essential goods too, e-tailers urge govt