ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ സര്‍ക്കാരിനെതിരായ ആക്രമണം.

'പ്രതിരോധ കുത്തിവയ്പ്പ് വര്‍ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരുടെ കൈകളില്‍ പണം എത്തിക്കേണ്ടത് ആവശ്യമാണ്. സാധാരണക്കാരന്റെ ജീവിതത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഇത് അത്യാവശ്യമാണ്. എന്നാല്‍ തന്‍പ്രമാണിത്തമുള്ള സര്‍ക്കാരിന് നല്ല നിര്‍ദേശങ്ങളോട് അലര്‍ജിയാണ്' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് തരംഗം തടയുന്നതിനായി വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 

ഇതിനിടെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. കോവിഡ് തെറ്റായ രീതിയില്‍ കൈകാര്യം ചെയ്ത മോദി സര്‍ക്കാരിന്റെ നടപടികള്‍ കാരണമാണ് രാജ്യത്ത് വാക്‌സിന്‍ ക്ഷാമം നേരിട്ടതെന്നും സോണിയ കുറ്റപ്പെടുത്തി. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ക്രമാധീതമായി കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വിളിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.

പരിശോധന, കൃത്യമായ ട്രാക്കിങ്, വാക്‌സിനേഷന്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം എല്ലാ സംസ്ഥാനങ്ങളും കോവിഡ് കേസുകളുടേയും മരണങ്ങളുടേയും കൃത്യമായ കണക്കുകള്‍ തന്നെ പുറത്തുവിടണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

രാജ്യത്തെ വാക്‌സിനേഷനിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, ശേഷം മറ്റു രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യുകയോ സമ്മാനിക്കുകയോ ചെയ്യുക. ഉത്തരവാദിത്തപരമായ പെരുമാറ്റത്തിന് ഊന്നല്‍ നല്‍കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.