ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെല്ലാം കേവലം കെട്ടുകഥകള്‍ മാത്രമായിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അഴിമതി ആരോപണവുമായി രംഗത്തെത്തിയ രാഹുല്‍ഗാന്ധിയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഇത്തരക്കാരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിപ്പോയെന്നും അസത്യം പ്രചരിപ്പിച്ചവര്‍ രാജ്യസുരക്ഷയെയാണ് വെല്ലുവിളിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

അസത്യ പ്രചാരണം അതിന്റെ എല്ലാ സീമകളും ലംഘിച്ചു. ആത്മാര്‍ഥമായ പ്രവര്‍ത്തനം പോലും ചോദ്യം ചെയ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥരും സൈനികരും ഭാവിയില്‍ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന അവസ്ഥയുണ്ടാകും. രാഹുല്‍ ആരോപണത്തില്‍ ഉന്നയിച്ച സംഖ്യകള്‍ പോലും തെറ്റായിരുന്നു.

ഈ വിഷയം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെക്കും. നുണകള്‍ പിടിക്കപ്പെട്ടാല്‍ നേതാക്കന്മാര്‍ രാജിവെക്കുന്ന ഒരു പ്രവണത ജനാധിപത്യം നിലനില്‍ക്കുന്ന ലോകരാജ്യങ്ങലിലുണ്ട്. ഇന്ത്യയുടെ വ്യാവസായികവും സുരക്ഷാപരവുമായ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതാണ് റഫാല്‍ ഇടപാട്. റഫാല്‍ ഇടപാടിലെ എല്ലാ സംശയങ്ങളും ദുരീകരിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് തള്ളിയത്. റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണം നേരിട്ട കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ ആശ്വാസം പകരുന്നതാണ് സുപ്രീംകോടതിവിധി.

Content Highlights: Allegations on Rafale 'fiction writing says Arun Jaitley