ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ 19 വയസുള്ള ദളിത് യുവതി കൂട്ടബലാത്സംഗത്തിനും ക്രൂര പീഡനത്തിനും ഇരയാകുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത കേസിന്റെ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കട്ടെയെന്ന് സുപ്രീം കോടതി. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
കേസിന്റെ വിചാരണ ഉത്തര്‍പ്രദേശില്‍നിന്ന് രാജ്യതലസ്ഥാനത്തെ ഏതെങ്കിലും കോടതിയിലേക്ക് മറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷക സീമ കുശ്വാഹ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ത്രിതല സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സത്യവാങ്മൂലം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
സായുധ പോലീസിനെയും പുറമെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും സിസിടിവി ക്യാമറകളും ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ യു.പി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷികള്‍ക്ക് സുരക്ഷ നല്‍കാന്‍ സിആര്‍പിഎഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ടെന്ന് യു.പി ഡിജിപിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. മറ്റേതെങ്കിലും ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ അതിനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ സിബിഐയോട് നിര്‍ദ്ദേശിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷക ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ യുപിയില്‍ നിഷ്പക്ഷമായി നടക്കില്ലെന്ന് മറ്റൊരു കക്ഷിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങും പറഞ്ഞു. അന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സുപ്രീം കോടതി നിയമിക്കണം. പെണ്‍കുട്ടിയുടെ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും യു.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷയില്‍ തൃപ്തിയില്ല. ഉന്നാവോ കേസിലേതുപോലെ സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഇന്ദിര ജെയ്‌സിങ് ആവശ്യപ്പെട്ടു.
'ഉയര്‍ന്ന ജാതി'യില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് സെപ്റ്റംബര്‍ 14 ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത പെണ്‍കുട്ടി സെപ്തംബര്‍ 29 ന് ഡല്‍ഹി സ്ഫ്ദര്‍ജങ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം സെപ്റ്റംബര്‍ 30 ന് ഹാഥ്‌റസില്‍ എത്തിക്കുകയും പോലീസ് ബലപ്രയോഗത്തിലൂടെ പുലര്‍ച്ചെ മൂന്നിന് സംസ്‌കരിക്കുകയും ചെയ്തിരുന്നു. മൃതദേഹം കാണുന്നതിനോ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതിനോ അടുത്ത ബന്ധുക്കളെപ്പോലും അനുവദിച്ചില്ല. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. മൃതദേഹം ബലപ്രയോഗത്തിലൂടെ സംസ്‌കരിച്ചതില്‍ കടുത്ത മനുഷ്യാവകാശ ധ്വംസനമുണ്ടായെന്നും നിരീക്ഷിച്ചിരുന്നു.
Content Highlights: Allahabad High Court would monitor Hathras case - says SC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..