ലഖ്നൗ: ഭഗവത് ഗീത സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു.
ബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്ന ആളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. സമൂഹത്തിന്റെ പൊതുവിലുള്ള താല്‍പര്യം മുന്‍നിര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠ്യവിഷയമായി ഭഗവത് ഗീത പഠിപ്പിക്കണമെന്നായിരുന്നു ഇയാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഹര്‍ജിയിലെ ആവശ്യം അവ്യക്തവും തെറ്റിദ്ധാരണ നിറഞ്ഞതും ആണെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സൗരഭ് ലാവണ്യ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പാഠ്യപദ്ധതിയുടെ ഭാഗമായി ഭഗവത് ഗീത ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യമെങ്കില്‍ ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ ബോര്‍ഡിനെയോ യൂണിവേഴ്‌സിറ്റിയേയോ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.
Content Highlights: Allahabad high court junks plea for direction to teach Bhagavad Gita in school