Supreme Court of India
ന്യൂഡല്‍ഹി: വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ചാണ് കേസുകള്‍ കേട്ടത്. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത്.
പത്ത് ട്രാന്‍സ്ഫര്‍ ഹര്‍ജികളും പത്ത് ജാമ്യഹര്‍ജികളും ഉള്‍പ്പടെ മുപ്പത്തി രണ്ട് ഹര്‍ജികളാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേട്ടത്. ഇതില്‍ ഒന്‍പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും ഉള്‍പ്പെടും.
2013-ലാണ് സമ്പൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ ആദ്യമായി കേസുകള്‍ കേട്ടത്. ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അന്ന് കേസുകള്‍ കേട്ടത്. ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് അഫ്താബ് ആലം അന്ന് അവധി ആയിരുന്നതിനാല്‍ ആണ് ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ അടങ്ങിയ വനിതാബെഞ്ച് കേസുകള്‍ കേട്ടിരുന്നത്.
2018-ല്‍ ജസ്റ്റിസുമാരായ ആര്. ഭാനുമതി, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ സമ്പൂര്‍ണ വനിതാബെഞ്ച് കേസുകള്‍ കേട്ടിരുന്നു. നിലവില്‍ സുപ്രീം കോടതിയില്‍ മൂന്നു വനിത ജഡ്ജിമാരാണുള്ളത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി, ബി.വി. നാഗരത്ന എന്നിവര്‍. ഇതില്‍ ജസ്റ്റിസ് ബി.വി. നാഗരത്ന 2027-ല്‍ സുപ്രീം കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തിയാണ്.
Content Highlights: All women bench in Supreme Court today for the third time in history
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..