ചണ്ഡീഗഡ് : പഞ്ചാബിലെ ലുധിയാനയില്‍ ജഡ്ജിമാര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടി കോവിഡ്-19 വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം തിങ്കളാഴ്ച അറിയിച്ചു. വാക്‌സിന്‍ വിതരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഇത് കൂടാതെ, ബാങ്ക് ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സഹകരണസംഘങ്ങളിലെ ജീവനക്കാര്‍, ഭക്ഷ്യധാന്യ സംഘങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിന്‍ നല്‍കും. ഈ വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ വിതരണത്തിനുള്ള നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടില്ല. 

അറുപത് വയസിന് മുകളിലുള്ളവര്‍ക്കും നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ രണ്ടാഴ്ച മുമ്പ് ആരംഭിച്ചിരുന്നു. മൂന്ന് കോടിയോളം വരുന്ന മുന്നണി കോവിഡ് പോരാളികള്‍ക്ക് വാക്‌സിന്‍ വിതരണപ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ യജ്ഞം ജനുവരിയില്‍ ആരംഭിച്ചത്. ഫെബ്രുവരിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൂടി തമിഴ്‌നാട് വാക്‌സിന്‍ വിതരണം ആരംഭിച്ചിരുന്നു. രാജ്യത്തുടനീളം ഇതുവരെ 3.17 കോടി ജനങ്ങള്‍ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചതായാണ് കണക്ക്. 

പഞ്ചാബുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്കാണ് തിങ്കളാഴ്ച ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 26,000 ത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 

വാക്‌സിന്‍ വിതരണം ഉദ്യോഗാടിസ്ഥാനത്തില്‍ നടത്തുന്നത് ദേശീയതാത്പര്യപ്രകാരമല്ലെന്നും അത് വിവേചനപരമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ തിങ്കളാഴ്ച അറിയിച്ചതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണം വിപുലീകരിച്ചു കൊണ്ടുള്ള ലുധിയാന ജില്ലാഭരണകൂടത്തിന്റെ വിജ്ഞാപനം പുറത്തു വന്നത്. ജഡ്ജിമാര്‍ക്കും ജുഡീഷ്യല്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും മറ്റ് നിയമപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 

വാക്‌സിന്‍ ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലും ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരവുമാണ് ഗുണഭോക്താക്കളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേ സമയം ഇന്ത്യയില്‍ വിതരണാനുമതിയുള്ള വാക്‌സിനുകളുടെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും സിറം ഇന്‍സ്റ്റിട്യൂട്ടും സമൂഹത്തിലെ മറ്റ് വിഭാഗക്കാര്‍ക്കു കൂടി വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ കോടതികളില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കണമെന്നാവസ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 

 

Content Highlights: All Teachers, Journalists, Bankers Cleared For Covid Vaccine In Ludhiana