ന്യൂഡല്‍ഹി:  കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകാനുള്ള ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ സ്ഥിരം ട്രെയിന്‍ സര്‍വീസുകളും റെയില്‍വെ റദ്ദാക്കി. ഇതുവരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും റദ്ദാക്കിയെന്നും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും റെയില്‍വെ അറിയിച്ചു. 

കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ മെയ് 17 മുതല്‍ നിലവില്‍ വരുന്നതിനിടെയാണ് റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത്. 

അതേസമയം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എന്നാല്‍ യാത്രയ്ക്ക് മുമ്പ് നടത്തിയ സ്‌ക്രീനിങ്ങില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര നിഷേധിക്കപ്പെട്ടവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുടക്കിയ തുക തിരികെ നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. 

ഇതിനായി ടിടിഇയുടെ സാക്ഷ്യപത്രം സഹിതം ഓണ്‍ലൈനായി യാത്ര നിഷേധിക്കപ്പെട്ട് 10 ദിവസത്തിനകം ടിഡിആര്‍ ഫയല്‍ ചെയ്യണമെന്നും റെയില്‍വെ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

Content Highlights: All passenger trains cancelled till June 30: Railways