
representational image
പനജി: ഞായറാഴ്ചയോടെ ഗോവയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം പൂജ്യമായി. ശേഷിച്ചിരുന്ന ഏഴ് കോവിഡ് രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ് ഗോവ കൊറോണ മുക്തമായത്. ഗോവയുടെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോ. എഡ്വിന് ഗോമസിന്റെ പോരാട്ടങ്ങളുടെ വിജയമായാണ് ഇതിനെ സംസ്ഥാനം കാണുന്നത്.
ഏക മെഡിക്കല്‍ കോളേജ് ആയ ഗോവ മെഡിക്കല്‍ കോളേജിലെ മെഡിസിന് വിഭാഗം തലവനായ എഡ്വിന് ഗോമസാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചത്. കൊറോണ ബാധ സ്ഥിരീകരിച്ച എല്ലാവരെയും ചികിത്സിച്ച് രോഗമുക്തരാക്കാന്‍ സാധിച്ചു എന്നതാണ് ഈ 58-കാരന്റെ നേട്ടം.
ഗോവയിലെ കോവിഡ് ആശുപത്രിയുടെ നോഡല്‍ ഓഫീസറാണ് എഡ്വിന് ഗോമസ്. ആരോഗ്യ പ്രവര്‍ത്തകരുടെ മൂന്നു സംഘമാണ് അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ മൂന്നു ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിച്ചത്. കൃത്യമായ ആസൂത്രണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ചികിത്സയെയും വിജയത്തിലേയ്ക്ക് നയിക്കാന്‍ ഡോക്ടര്ക്ക്കഴിഞ്ഞതായി രോഗികളും ആരോഗ്യപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു.
ഡോ. ഗോമസ് ആണ് തന്നെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നതെന്ന് രോഗമുക്തി നേടിയ സംസ്ഥാനത്തെ ആദ്യ കോവിഡ് രോഗിയായ എഡ്ഗാര്‍ റെമഡിയസ് പറയുന്നു. ജോലിയുടെ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും രോഗികളായ തങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയായിരുന്നു ഡോക്ടര്‍. മരുന്നിനേക്കാള്‍ ഡോക്ടര്‍ പകര്‍ന്നുനല്‍കിയ ആത്മവിശ്വാസമാണ് തങ്ങളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു.
വൈറസ് ബാധിതരുമായി അടുത്തിടപഴകിയാണ് എഡ്വിന് ഗോമസിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സയില്‍ വ്യാപൃതരായത്. കോവിഡ് ആശുപത്രയില്‍ വൈറസുമായി നേരിട്ട് ഇടപെട്ടുകൊണ്ട് അക്ഷീണം പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യത്തെയും ജോലിയോടുള്ള ആത്മാര്‍ഥതയെയും മറ്റു ഡോക്ടര്‍മാരും എടുത്തു പറയുന്നു. കോവിഡിനെതിരായ സംസ്ഥാനത്തിന്റെ വിജയകരമായ പോരാട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അവര്‍ നല്‍കുന്നത് എഡ്വിന് ഗോമസിനാണ്.
കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്ന എഡ്വിന് ഗോമസിനെ സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ തന്നെ കഴിഞ്ഞ ദിവസം പ്രശംസിച്ചു. എഡ്വിന് ഗോമിസിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം നടത്തിയ പോരാട്ടമാണ് സംസ്ഥാനത്തെ കോവിഡ് മുക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: All credit to this Goa doctor for giving state a 'zero COVID' status
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..