ന്യൂഡല്‍ഹി: പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതോടെ അതിര്‍ത്തിപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കശ്മീരിലെയും പഞ്ചാബിലെയും  വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 

ജമ്മു, ലേ, ശ്രീനഗര്‍. അമൃത്സര്‍, ചണ്ഡിഗഡ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. കശ്മീരിലേക്കുള്ള മുഴുവന്‍ യാത്രവിമാനങ്ങളുടെ സര്‍വ്വീസുകളും റദ്ദാക്കി. 

നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന പാക്ക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ കശ്മീരിലെങ്ങും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. രജോരി ജില്ലയില്‍ ഷെല്ലാക്രമണം നടന്നതിനാല്‍ ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയും നല്‍കി. 

പാകിസ്താനും വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.

Content Highlights: all airports shut down in jammu kashmir