പട്‌ന: എലികള്‍ മനുഷ്യരേക്കാള്‍ വലിയ മദ്യപാനികളോ, ആണെന്നാണ് ബിഹാര്‍ പോലീസ് പറയുന്നത്. സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് എമ്പാടും നിന്നായി പിടിച്ചെടുത്ത ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യമെവിടെ എന്ന ചോദ്യത്തിനാണ് എലികള്‍ അടിച്ചുമാറ്റിയതാകാം എന്ന് മറുപടി നല്‍കിയത്.

പോലീസ് സ്‌റ്റേഷനുകളിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ കാണാനില്ല എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് മദ്യം പോയ വഴിതേടി അന്വേഷണം നീണ്ടത്. പിടിച്ചെടുത്തവയില്‍ പകുതി നശിപ്പിച്ചു കളഞ്ഞു. ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന ഗോഡൗണുകളില്‍ നിന്ന് അവിടെയുള്ള എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന് പോലീസ് വിശദീകരണം നല്‍കിയത്. എലികളെ പഴിച്ചെങ്കിലും പോലീസുകാര്‍ തന്നെ മദ്യം അടിച്ചുമാറ്റി എന്നതിലേക്കാണ് അന്വേഷണം നീളുന്നത്. 

പട്‌ന സോണല്‍ ഐജിയോട് മദ്യം കാണാതായ സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഡിജിപി എസ്.കെ സിംഗാള്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ബിഹാര്‍ പോലീസ് മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മ്മല്‍ സിങ്ങിനേയും അസോസിയേഷനിലെ മറ്റൊരു അംഗമായ ഷംഷേര്‍ സിങ്ങിനേയും മദ്യപിച്ചതിന്‌ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ മെയ് എട്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

കഴിഞ്ഞ ഏപ്രിലിലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയത്. അതിന് ശേഷം ഒരുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആകമാനം നിന്ന്‌ 9.15 ലക്ഷം ലിറ്റര്‍ മദ്യം പിടിച്ചെടുത്തിരുന്നു. ഇത് എവിടെ പോയി എന്നതാണ് പോലീസിനേ കുഴയ്ക്കുന്നത്‌