സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിലിൽ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനവുമായി മെക്കാനിക്ക് കടന്നു. വിമാനത്തിൽ യാത്രക്കാരാരുമില്ലായിരുന്നെങ്കിലും തട്ടിയെടുത്തയാളുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാനാകാത്തത് പരിഭ്രാന്തിക്കിടയാക്കി. അലാസ്‌ക എയര്‍ലൈന്‍സിന്റെ 76 സീറ്റുകളുള്ള  ഹൊറിസോണ്‍ എയര്‍ ക്യൂ 400 വിമാനമാണ് സിയാറ്റിൽ ടാസ്കോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്  വെള്ളിയാഴ്ച രാത്രി തട്ടിയെടുത്തത്. 

വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനം എയർട്രാഫിക് കൺട്രോൾ ബോർഡിന്റെ അനുവാദം കൂടാതെ പറന്നുയരുകയായിരുന്നു. ഉടൻ തന്നെ രണ്ട് സൈനിക വിമാനങ്ങൾ ഈ വിമാനത്തെ പിന്തുടർന്നു.  എന്നാല്‍ അൽപ സമയത്തിന് ശേഷം വിമാനത്താവളത്തിന് 40 മൈൽ തെക്കുവടക്ക് കെട്രോൺ ദ്വീപിൽ വിമാനം തകർന്നു വീണു.  വിമാനം പറത്തുന്നതിലെ പരിചയക്കുറവായിരിക്കാം വിമാനം തകരാൻ കാരണമെന്നും സംഭവത്തിന് തീവ്രവാദ ബന്ധമൊന്നും ഇല്ലെന്നും അധികൃതർ അറിയിച്ചു. 

വിമാനം തട്ടിയെടുത്തയാൾ ഇതേ കമ്പനിയിലുള്ള 29 വയസുള്ള എൻജിനീയർ ആണെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 9/11 വ്യോമാക്രണത്തിന്റെ പശ്ചാത്തലത്തിൽ വിമാനം തട്ടിയെടുത്തത് ഏറെ പരിഭ്രാന്തിക്കിടയാക്കിയിരുന്നു. 

content highlights: Alaska Airlines Mechanic Steals and Crashes Empty 76-Seater Plane