ചെന്നൈ: കരുണാനിധിയുടെ മരണത്തിന് പിന്നാലെ പാർട്ടി നേതൃസ്ഥാനത്തിന് വേണ്ടി കലാപമുണ്ടാകുമെന്ന് സൂചന നൽകി എം.കെ സ്റ്റാലിന്റെ ജേഷ്ഠസഹോദരൻ എം.കെ അഴഗിരി രംഗത്ത്.
ഡിഎംകെയുടെ നേതൃസ്ഥാനം വഹിക്കാന്‍ എം.കെ.സ്റ്റാലിനേക്കാള്‍ യോഗ്യൻ താനാണെന്നാണ് അഴഗിരിയുടെ പ്രസ്താവന. മറീന ബീച്ചില്‍ കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അഴഗിരി മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഡിഎംകെയുടെ വിശ്വസ്തരായ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും തന്റെ കൂടെയുണ്ടെന്നും താന്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ലാത്തതിനാൽ മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നും അഴഗിരി പറഞ്ഞു.
ഇപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം തന്നെ വേദനിപ്പിക്കുന്നുവെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 2014 ജനുവരിയിലാണ് ഡി.എം.കെ.യുടെ സൗത്ത് സോണ്‍ ഓര്‍ഗനൈസേഷണല്‍ സെക്രട്ടറിയായിരുന്ന അഴഗിരിയെ ഡി.എം.കെ.യില്നിന്ന് പുറത്താക്കിയത്.
കരുണാനിധിക്ക് ദയാലു അമ്മാളിലുണ്ടായ മൂത്തമകനായ അഴഗിരി ഡി.എം.കെ.യുടെ മധുരയിലെ കരുത്തുറ്റ മുഖമായിരുന്നു.കലൈഞ്ജറുടെ മകന്, മുന്‍കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിയാന്‍ അഴഗിരിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, പണസമ്പാദനത്തിന്റെ കാര്യത്തില്‍ കലൈഞ്ജര്‍ക്കും സ്റ്റാലിനും മുകളിലാണ്.
എന്നാൽ അഴഗിരിയുടെ സ്ഥാനം പിന്നിരയിലേക്കൊതുങ്ങുകയും സ്റ്റാലിനെ കരുണാനിധി വര്‍ക്കിങ് പ്രസിഡന്റായി അവരോധിക്കുകയും ചെയ്തു.
കരുണാനിധിയുടെ മരണശേഷം സ്റ്റാലിനെ അധ്യക്ഷനായി നിയോഗിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പാര്‍ട്ടിയെ നയിക്കാനുള്ള കരുത്ത് തനിക്കാണെന്ന വാദവുമായി അഴഗിരി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..