തിരുവനന്തപുരം: മലപ്പുറം, കൊല്ലം കോടതി വളപ്പുകളിലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ചെന്നൈ തിരുവാണ്‍മയൂരില്‍ ഐടി കമ്പനി ജീവനക്കാരനായ ദാവൂദ് ആണ് പിടിയിലായത്. ചെന്നൈയില്‍ല്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.

നേരത്തെ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ എന്‍ഐഎയും തമിഴ്നാട് പോലീസും ചേര്‍ന്ന് മധുരയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മധുര പുതൂര്‍ ഉസ്മാന്‍നഗര്‍ സ്വദേശി മുഹമ്മദ് കരീം, ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി, ജിയാദ്നഗര്‍ സ്വദേശി അയൂബ് എന്നിവരാണ് നേരത്തെ പിടിയിലായത്. ഈ സംഘത്തിലുണ്ടായിരുന്ന മൂന്നു പേര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇതില്‍ ഒരാളെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. ഹക്കീം, സുലൈമാന്‍ എന്നിവരെക്കൂടി പിടികൂടാനുണ്ട്.

മലപ്പുറം, കൊല്ലം, നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലെ കോടതി പരിസരത്ത് സ്ഫോടനങ്ങള്‍ നടത്തിയ കേസുകളിലെ പ്രതികളാണ് ഇവര്‍. പ്രധാനമന്ത്രിയടക്കം രാജ്യത്തെ 22 പ്രമുഖ വ്യക്തികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലും ഇവര്‍ പ്രതികളാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ ഇറക്കുമതിചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്നും എന്‍ഐഎ വ്യക്തമാക്കി.