തിരുവനന്തപുരം: മലപ്പുറം, കൊല്ലം കോടതി വളപ്പുകളിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ മധുരയില്‍ പിടിയില്‍. എന്‍ഐഎയും തമിഴ്‌നാട് പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. 

മധുര പുതൂര്‍ ഉസ്മാന്‍നഗര്‍ സ്വദേശി മുഹമ്മദ് കരീം, ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി, ജിയാദ്‌നഗര്‍ സ്വദേശി അയൂബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പിടിയിലായ മൂന്നു പേരെ കൂടാതെ മറ്റു മൂന്നുപേര്‍ കൂടി സംഘത്തില്‍ ഉണ്ടായിരുന്നതായും ഇവര്‍ രക്ഷപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. ഹക്കീം, ദാവൂദ്, സുലൈമാന്‍ എന്നിവര്‍ രക്ഷപ്പെട്ടു. ഇവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. 

മലപ്പുറം, കൊല്ലം, നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലെ കോടതി പരിസരത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍.

പ്രധാനമന്ത്രിയടക്കം രാജ്യത്തെ 22 പ്രമുഖ വ്യക്തികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലും ഇവര്‍ പ്രതികളാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ ഇറക്കുമതിചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്നും എന്‍ഐഎ വ്യക്തമാക്കി.