ന്യൂഡല്‍ഹി: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി  ബന്ധമുള്ള തീവ്രവാദ സംഘടനയില്‍പ്പെട്ടയാളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. റാസ ഉല്‍ അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. നേപ്പാളിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി.

അല്‍ ഖ്വയ്ദയുടെ ഉപസംഘടനയായ ബംഗ്ലാദേശിലെ അന്‍സാര്‍ ബംഗ്ലാ എന്ന ഭീകര സംഘടനയില്‍ അംഗമായ റാസ ഉല്‍ അഹമ്മദിന് വ്യജ കറന്‍സി ഇടപാടുകള്‍ നടത്തുന്ന സംഘവുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. പശ്ചിമബംഗാള്‍ പോലീസിന് ഇയാളെ കൈമാറിയിട്ടുണ്ട്.

ബംഗ്ലാദേശിലെ ഭീകര സംഘടനയായ അന്‍സാര്‍ ബംഗ്ലാ അംഗങ്ങളായ നിരവധി ഭീകരര്‍ വ്യാജ രേഖകളുമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും അന്‍സാര്‍ ബംഗ്ലായുമായി ബന്ധമുണ്ടെന്നു കരുതുന്ന ഒരാളെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു.