ലഖ്‌നൗ: അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞു. പ്രത്യേക വിമാനത്തില്‍ അലഹബാദിലേക്ക് പോകാനെത്തിയ അഖിലേഷ് വിമാനത്തില്‍ കയറാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. വിമാനത്താവള അധികൃതരുമായി രണ്ട് മണിക്കൂറോളം തര്‍ക്കിച്ചശേഷം അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു.

ഭയം മൂലമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ തടഞ്ഞതെന്ന് അദ്ദേഹം പിന്നീട് ആരോപിച്ചു. വിമാനത്താവളത്തില്‍ അഖിലേഷിനെ തടഞ്ഞുവച്ചുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തുകയും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. പ്രതിഷേധിച്ച സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

അഖിലേഷിനെതിരായ നടപടിയെ വിമര്‍ശിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും രംഗത്തെത്തി. എസ്.പി - ബി.എസ്.പി സഖ്യത്തെ ഭയക്കുന്നതുകൊണ്ടാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. അഖിലേഷ് യാദവ് വിമാനത്തില്‍ കയറുന്നത് ഉദ്യോഗസ്ഥര്‍ തടയുന്ന ചിത്രങ്ങള്‍ അദ്ദേഹംതന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. തന്റെ ദേഹത്തുനിന്ന് കൈയെടുക്കാന്‍ അഖിലേഷ് ചില ഉദ്യോഗസ്ഥരോട് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിദ്യാര്‍ഥി യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് അഖിലേഷ് അലഹബാദ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകാനൊരുങ്ങിയത്. എന്നാല്‍, രാഷ്ട്രീയക്കാര്‍ക്ക് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങുകള്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് അലഹബാദ് സര്‍വകലാശാല അധികൃതര്‍ കഴിഞ്ഞ ദിവസം അഖിലേഷ് യാദവിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല അധികൃതര്‍ അദ്ദേഹത്തിന് അനുമതി നിഷേധിച്ചതെന്ന് പ്രയാഗ്‌രാജ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

2015 ല്‍ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് യോഗി ആദിത്യനാഥിനും അലഹബാദ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി യൂണിയന്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ അഖിലേഷ് യാദവ് എത്തുന്നുവെന്ന വിവരം പുറത്തുവന്നതുമുതല്‍ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: Akhilesh Yadav, Allahabad University, Lucknow airport