ന്യൂഡല്‍ഹി: 2022 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി ശിരോമണി അകാലി ദള്‍. ബിജെപിയുമായുളള സഖ്യത്തില്‍ നിന്ന് കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തിലാണ് അകാലി ദള്‍ പിന്‍വാങ്ങിയത്. 

വരുന്ന തിരഞ്ഞെടുപ്പില്‍ സുഖ്ബിര്‍ സിങ് ബാദല്‍ പാര്‍ട്ടിയെ നയിക്കും. 117 നിയമസഭാ സീറ്റുകളാണ് പഞ്ചാബിലുളളത്. അകാലി ദള്‍ 97 സീറ്റുകളിലും ബിഎസ്പി 20 സീറ്റുകളിലും മത്സരിക്കും. നേരത്തെ ബിജെപിക്ക് നല്‍കിയിരുന്ന സീറ്റുകളില്‍ ബിഎസ്പിയായിരിക്കും മത്സരിക്കുക. 

'പഞ്ചാബ് രാഷ്ട്രീയത്തില്‍ ഇത് പുതിയ ദിനമാണ്. 2022 നിയമസഭാ തിരഞ്ഞെടുപ്പിലും വരുന്ന തിരഞ്ഞെടുപ്പുകളിലും അകാലി ദളും ബിഎസ്പിയും ഒന്നിച്ച് മത്സരിക്കും.' സുഖ്ബിര്‍ സിങ് ബാദല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പില്‍ അകാലി ദളും ബിഎസ്പിയും ഒന്നിച്ച് മത്സരിക്കുന്നത്. 1996ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 13ല്‍ 11 സീറ്റുകളിലും സഖ്യം വിജയിച്ചു. മത്സരിച്ച 3 സീറ്റുകളിലും  അന്ന് ബിഎസ്പി ജയിച്ചപ്പോള്‍ പത്തുസീറ്റുകളില്‍ എട്ടെണ്ണത്തില്‍ അകാലി ദളും വിജയം കരസ്ഥമാക്കി. 

സംസ്ഥാനത്ത് 31 ശതമാനം ദളിത് വോട്ടുകള്‍ ബിഎസ്പിക്കുണ്ട്. പഞ്ചാബിലെ ജനസംഖ്യയുടെ 40 ശതമാനം ദളിതരാണ്. 

കാര്‍ഷിക നിയമങ്ങളെ ചൊല്ലിയുളള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് അകാലി ദള്‍ പുറത്തേക്ക് വരുന്നത്. അകാലി ദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ രാജിയോടെയായിരുന്നു തുടക്കം. 

Content Highlights: Akali Dal -BSP form alliance ahead of Punjab Assembly Election 2022