മുംബൈ: ബിജെപിക്ക് ഒപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന്റെ നടപടി പൊറുക്കാനാവാത്ത തെറ്റാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇക്കാര്യത്തില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ശരദ് പവാര്‍ പറഞ്ഞു.

ക്ഷമിക്കാനാവാത്ത കുറ്റമാണ് അജിത് പവാര്‍ ചെയ്തത്. ഇത്തരമൊരു കാര്യം ആര് ചെയ്താലും അയാള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കണം. അജിത് പവാറിനും അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് താന്‍ പറഞ്ഞിരുന്നു. ബിജെപിയ്ക്ക് പിന്തുണ നല്‍കിയതില്‍ അജിത് പവാര്‍ തന്നോട് കുറ്റസമ്മതം നടത്തിയതായും ശരദ് പവാര്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് അജിത് പവാറിന് ബിജെപിയുടെ ക്ഷണം ലഭിക്കുന്നത്. അന്നു രാത്രിയില്‍ അദ്ദേഹത്തിന് ഫോണ്‍ വന്നു. പിന്തുണ നല്‍കാന്‍ തയ്യാറാണെങ്കില്‍ ഉടന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് അറിയിച്ചുകൊണ്ടായിരുന്നു ഫോണ്‍. എന്നാല്‍, അത്തരമൊരു വാഗ്ദാനം സ്വീകരിച്ചതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് പിന്നീട് അജിത് തന്നോട് പറഞ്ഞതായും ശരദ് പവാര്‍ വ്യക്തമാക്കി.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനൊപ്പം അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടെന്നുള്ളത് ബോധപൂര്‍വം എടുത്ത തീരുമാനമായിരുന്നു. ഫഡ്‌നവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് രാജിവെച്ച ഉടന്‍തന്നെ വീണ്ടും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലെ അനൗചിത്യം മൂലമായിരുന്നു ഇതെന്നും ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചിരുന്നതായും ശരദ് പവാറിന്റെ വെളിപ്പെടുത്തി. മകള്‍ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്നുള്ള പ്രധാനമന്ത്രിയുടെ വാഗ്ദാനം നിരസിച്ചതായും ഒരു മറാഠി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പവാര്‍ പറഞ്ഞു. തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുമായുള്ള വ്യക്തിബന്ധം തുടരാനാണ് ആഗ്രഹം. ബി.ജെ.പി.യുമായി സഖ്യം ആഗ്രഹിക്കുന്നില്ലെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നുവെന്നും പവാര്‍ വെളിപ്പെടുത്തി.

മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ശിവസേന ഇടഞ്ഞതോടെ മഹരാഷ്ട്രയില്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലാകുകയും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ത്രികക്ഷിസര്‍ക്കാര്‍ രൂപവത്കരണചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തവേളയില്‍ നരേന്ദ്രമോദിയെ പവാര്‍ കണ്ടത് വന്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Content Highlight: Ajit's Alliance With BJP Unpardonable, Warned Him of Consequences- Sharad Pawar