കോട്ടയത്തെ പോലീസ്, പാകിസ്താനിലെ അണ്ടര്‍കവര്‍ഏജന്റ്; ഡോവലിന്‍റെ അവതാരപ്പിറവികള്‍


ശ്രീകാന്ത് കോട്ടയ്ക്കല്‍

അരനൂറ്റാണ്ടായി ഇന്ത്യയുടെ ഇന്റലിജൻസ് രംഗത്ത് നിരന്തരം മുഴങ്ങിക്കേൾക്കുന്ന പേരാണ് അജിത് ഡോവലിന്റേത്. കേരളത്തിൽ കോട്ടയത്തെ പോലീസ്‌ ഉദ്യോഗസ്ഥനായി തന്റെ ഔദ്യോഗികജീവിതം തുടങ്ങിയ ഡോവൽ ഇപ്പോൾ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. ദീർഘമായ തന്റെ ഔദ്യോഗികയാത്രയിൽ ഒട്ടേറെ രഹസ്യാന്വേഷണ ഓപ്പറേഷനുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഓരോന്നുകഴിയുമ്പോഴും ഡോവലിനെക്കുറിച്ചുള്ള കഥകൾ ജനപ്രിയങ്ങളായി. രാജ്യം 1989-ൽ ഡോവലിനെ കീർത്തിചക്ര നൽകി ആദരിച്ചു. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെ രാജ്യമെങ്ങും ഒരേസമയം തന്ത്രപരമായ നീക്കങ്ങളിലൂടെ റെയ്ഡ് ചെയ്ത് നിരോധിച്ചപ്പോഴും ഡോവൽ സംസാരവിഷയമാവുന്നു - പല ജന്മങ്ങളിൽ, പലവേഷങ്ങളിൽ, ഭാവങ്ങളിൽ അദ്ദേഹം തുടരുന്നു...

അജിത് ഡോവൽ | ഫോട്ടോ: പി.ടി.ഐ

ന്ത്യൻ പട്ടാളത്തിലെ മേജറിന്റെ മകനായി ഉത്തരാഖണ്ഡിലെ ഗഡ്‌വാളി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച്, അജ്മേറിലെ സൈനിക സ്കൂളിലും ആഗ്ര സർവകലാശാലയിലും പഠിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം നാഷണൽ ഡിഫൻസ് കോളേജിൽനിന്ന്‌ എം.ഫിൽ പൂർത്തിയാക്കിയ അജിത് കുമാർ ഡോവലിനെ പോലീസ് വേഷത്തിൽ ആദ്യം കാണുന്നത് കോട്ടയത്താണ്, 1968-ൽ. 1972-ൽ കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ തലശ്ശേരിയിലുണ്ടായ കലാപം നേരിടാൻ നിയോഗിക്കപ്പെട്ടത് എ.എസ്.പി.യായിരുന്ന ഡോവലായിരുന്നു. അന്ന്, കലാപകാരികളെ മുഴുവൻ പകൽവെളിച്ചത്തിലവതരിപ്പിച്ച് ഇരകൾക്കൊപ്പംനിന്ന് കലാപത്തെ നിയന്ത്രണവിധേയമാക്കിയ ഡോവലിയൻതന്ത്രം ഓർക്കുന്നവരേറെയുണ്ട് ഇപ്പോഴും. തുടർന്ന് കേന്ദ്ര സർവീസിലേക്കുപോയ ഡോവലിന്റെ അടുത്ത അവതാരം മിസോറമിൽ രഹസ്യാന്വേഷണ ഓഫീസറായിട്ടായിരുന്നു. ഇന്ത്യൻ പട്ടാളത്തിൽ ഹവിൽദാറായി ജോലിചെയ്യുകയും തീവ്രാശയങ്ങളാൽ പ്രലോഭിപ്പിക്കപ്പെട്ട് മിസോ നാഷണൽ ഫ്രണ്ട് (MNF) രൂപവത്‌കരിക്കുകയും ചെയ്ത ലാൽ ഡങ്കന്റെ സംഘത്തിലേക്ക്‌ നുഴഞ്ഞുകയറിയ ഡോവൽ അതിൽ ആറുപേരെ റാഞ്ചി മറുചേരിയിലെത്തിച്ച് എം.എൻ.എഫിനെ തകർത്തു.

1980-കളിൽ പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെത്തിയ ഡോവൽ അവിടെ അണ്ടർ കവർ ഓപ്പറേഷ(യഥാർഥ ഉദ്ദേശ്യം മറച്ചുെവച്ച് മറ്റൊന്നായി പ്രവർത്തിക്കുക)ന്റെ നിഴലും വെളിച്ചവും കലർന്ന വഴികളിലൂടെ സഞ്ചരിച്ചു. ഇതിനിടെ അതിർത്തികടന്നുവന്ന ഡോവൽ 1984-ൽ സുവർണക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ ഒരു ഉന്തുവണ്ടി റിക്ഷക്കാരന്റെ വേഷത്തിൽ ഭിന്ദ്രൻവാലയുടെ സംഘത്തിലേക്ക്‌ നുഴഞ്ഞുകയറി അവരുടെ വിവരങ്ങൾ ചോർത്തി പുറത്തെ സൈന്യത്തിന് നൽകി, പിന്നീട്‌ കീർത്തിചക്രയാൽ പുരസ്കൃതനായി. 1992 മുതൽ ’96 വരെ ലണ്ടനിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായ ഡോവലിെന്റ അവിടത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങളോ വിവരണങ്ങളോ ഇല്ല.1999-ന്റെ ക്രിസ്മസ് സന്ധ്യയിൽ കാഠ്‌മണ്ഡുവിൽനിന്ന് ഡൽഹിയിലേക്ക് പറന്നിരുന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐ.സി.-814 വിമാനം ഭീകരർ റാഞ്ചിയപ്പോഴാണ് ഡോവലിനെ ലോകം പിന്നീട് ശ്രദ്ധിക്കുന്നത്. രാജ്യത്തിനും ഭീകരവാദികൾക്കുമിടയിലെ മധ്യസ്ഥനും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പോയന്റ്മാനും ഡോവലായിരുന്നു. 1990-കൾ മുതൽ കശ്മീരിൽ പ്രവർത്തിച്ച ഡോവലാണ് നാടോടിഗായകനിൽനിന്ന് തീവ്രവാദിയായ കുക്ക പാരേയുടെ സായുധകലാപ സംഘമായ ഇഖ്‌വാൻ-ഉൽ- മുസ്‌ലിമിനെ ഇന്ത്യക്കനുകൂലവും ഭീകരർക്കെതിരേയുമുള്ള പോരാളികളാക്കിയത്. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ ബ്രിജേഷ് മിശ്രയ്ക്കും ജെ.എൻ. ദീക്ഷിതിനും എം.കെ. നാരായണുമെല്ലാം കീഴിൽ ജോലിചെയ്ത് 2005-ൽ വിരമിച്ച ഡോവലിന്റെ അടുത്ത ജന്മം വിവേകാനന്ദ കേന്ദ്രത്തിന്റെ ബൗദ്ധിക സംഘമായ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറായാണ്. 2011-ൽ ഫൗണ്ടേഷൻ നടത്തിയ കള്ളപ്പണത്തിനെതിരേയുള്ള ദ്വിദിന സെമിനാറിൽ എസ്. ഗുരുമൂർത്തി, ബാബ രാം ദേവ്, അണ്ണ ഹസാരെ, അരവിന്ദ് കെജ്‌രിവാൾ, കിരൺ ബേദി എന്നിവർ പങ്കെടുക്കുകയും അത് ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ (IAC) എന്ന കൂട്ടായ്മയായി രൂപാന്തരപ്പെടുകയും ലോക്പാലിനായുള്ള അണ്ണ ഹസാരെയുടെ ഉപവാസത്തിൽ യു.പി.എ. സർക്കാർ ആടിയുലയുകയും ചെയ്തു. ഇത്തരത്തിൽ ഉഴുതുമറിക്കപ്പെട്ട മണ്ണിലാണ് ബി.ജെ.പി. വളരുന്നതും 2014-ൽ നരേന്ദ്രമോദി ഇന്ത്യയുടെ പതിന്നാലാമത് പ്രധാനമന്ത്രിയാവുന്നതുമെന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. അപ്പോൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനത്തേക്ക്‌ മോദിക്ക്‌ തിരഞ്ഞെടുക്കാൻ ഒരാളേ മുന്നിലുണ്ടായിരുന്നുള്ളൂ -അജിത് ഡോവൽ.

ചിത്രീകരണം: ഗിരീഷ് കുമാർ | മാതൃഭൂമി

അതിനുശേഷം ഡോവലിന്റെ ഇന്റലിജൻസ് ഓപ്പറേഷൻ മാജിക് വെളിപ്പെട്ടുകാണുന്നത് 2014 ജൂണിൽ ഇറാഖിലെ ഐ.എസ്. ഭീകരർ തട്ടിക്കൊണ്ടുപോയ 46 ഇന്ത്യൻ നഴ്‌സുമാരെ ഒരു പോറൽ പോലുമേൽക്കാതെ പൊക്കിക്കൊണ്ടുവന്നപ്പോഴും പുൽവാമയിൽ​െവച്ച് സൈനിക വാഹനശ്രേണി​െയ ആക്രമിച്ച് 40 ഇന്ത്യൻ പട്ടാളക്കാരെ വധിച്ചതിന് പകരമായി അതിന്റെ പന്ത്രണ്ടാം നാൾ പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരകേന്ദ്രം അതിർത്തി കടന്നുപോയി തകർത്തപ്പോഴും 2015-ൽ മ്യാൻമാറിലേക്ക്‌ അതിർത്തി കടന്നുചെന്ന് ഭീകരരെ വധിച്ചപ്പോഴുമാണ്. 2020 മാർച്ച് 27-ന് കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് ഡൽഹിയിൽ നിസ്സാമുദ്ദീനിലെ പള്ളിയിൽ പിരിഞ്ഞുപോവാൻ കൂട്ടാക്കാതെ തമ്പടിച്ചിരുന്ന തബ്‌ലീഗ് ജമാ അത്തുകാരുടെ ഇടയിലേക്ക് പുലർച്ചെ രണ്ടുമണിക്ക്‌ കയറിച്ചെന്ന ഡോവൽ പത്തുമിനിറ്റിനകം അവരിൽനിന്ന്‌ ഒഴിഞ്ഞുപോവാനുള്ള സമ്മതം വാങ്ങി. അവരോട് എന്താണ് അദ്ദേഹം പറഞ്ഞത് എന്ന്‌ ഇന്നും ആർക്കുമറിയില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞയാഴ്ച പോപ്പുലർഫ്രണ്ടിനെ രാജ്യമെങ്ങും ഒരേ സമയത്ത് റെയ്ഡ് ചെയ്ത് പൂട്ടിയപ്പോഴും 77 വയസ്സുകാരനായ ഡോവൽ വീണ്ടും വാർത്തകളിൽ നിറഞ്ഞു... സാധാരണക്കാർപോലും ആ പേര്‌ പറഞ്ഞു.

എല്ലാ കാലത്തും അജിത്‌ ഡോവലിനെക്കുറിച്ചുള്ള വാർത്തകളിൽ യാഥാർഥ്യവും അതിശയോക്തിയും പല അളവുകളിൽ കലർന്നിരുന്നു. ദേശദേശാന്തരങ്ങളിലെ നാടോടിക്കഥകളിലെ വീരനായകരെപ്പോലെ ഡോവലിനെക്കുറിച്ചുള്ള കഥകളും കാറ്റിലും കടലിലും നിറഞ്ഞ് കാതുകളിൽനിന്ന് കാതുകളിലേക്ക്‌ പരന്നു. അതിലെ നെല്ലും പതിരും വേർതിരിക്കാൻ ശ്രമിച്ചവർക്കാർക്കും കൃത്യവും തൃപ്തവുമായ ഉത്തരം ലഭിച്ചിട്ടില്ല. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ പല ജന്മങ്ങളിൽ, പല ഭാവങ്ങളിൽ പലയിടത്തും ഈ കുറിയ മനുഷ്യൻ ഉണ്ടായിരുന്നു; അദ്ദേഹത്തിന്റെ വജ്രസൂചിക്ക്‌ സമാനമായ കുശാഗ്രബുദ്ധിയുണ്ടായിരുന്നു.

തന്റെ പൂർവസൂരികളായ മറ്റ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിൽനിന്ന് വ്യത്യസ്തനായി ഡോവൽ എപ്പോഴും ഒരു ‘ഓപ്പറേഷൻസ് മാൻ’ ആയിരുന്നു. ഇന്ത്യൻ ‘ജെയിംസ് ബോണ്ട്്’ എന്നും ‘യഥാർഥജീവിതത്തിലെ ബ്യോംകേഷ് ബക്ഷി’(ശരദിന്ദു ബന്ദോപാധ്യായ സൃഷ്ടിച്ച സുപ്രസിദ്ധനായ ബംഗാളി കുറ്റാന്വേഷകൻ) എന്നും അദ്ദേഹം വിളിക്കപ്പെട്ടു. ഡോവലിന്റെ നീക്കങ്ങൾക്ക് എല്ലായ്‌പ്പോഴും മറ്റൊരു താളവും ചടുലതയുമായിരുന്നു. അതെപ്പോഴും ഗൂഢാത്മകമായിരുന്നു. എതിരാളികളെ ഞെട്ടിക്കുന്ന നാടകീയതയും കാർക്കശ്യവും അതിന്റെ പ്രത്യേകതയായിരുന്നു. സാധാരണ ബുദ്ധിക്കും ആലോചനയ്ക്കും പിടിതരാത്ത നീക്കങ്ങൾ അദ്ദേഹം എപ്പോഴും നടത്തിയിരുന്നു. മിസോറമിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഫീൽഡ് മാനായിരുന്ന ഡോവലിന്റെ വീട്ടിൽ അത്താഴം കഴിക്കാനെത്തുമായിരുന്നു മിസോ നാഷണൽ ഫ്രണ്ടിലെ തീവ്രവാദി സംഘം! 2006-ൽ അതിനെക്കുറിച്ച് ഡോവൽ പറഞ്ഞു:

‘‘അവരെല്ലാം അത്യധികം ആയുധധാരികളായിരുന്നു. പക്ഷേ, ‘എന്റെ വീട്ടിൽ നിങ്ങൾ സുരക്ഷിതരായിരിക്കും’ എന്ന അവരോടുള്ള എന്റെ വാക്ക് ഞാൻ പാലിച്ചു. സസ്യാഹാരിയായ എന്റെ ഭാര്യ അവർക്ക് പന്നിയറിച്ചി െവച്ച് വിളമ്പിക്കൊടുത്തു.’’ അങ്ങനെയൊക്കെയാണ് അവരെ ഡോവൽ, സംഘത്തിൽനിന്നും പുറത്തുചാടിച്ചത്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പാകിസ്താന്റെ തോൽവിയും ബംഗ്ലാദേശിന്റെ രൂപവത്‌കരണവുമാണ് പിൻബലങ്ങൾ നിലച്ച ലാൽ ഡങ്കനെയും സംഘത്തെയും കീഴങ്ങാൻ പ്രേരിപ്പിച്ചത് എന്നൊരു മറുവാദമുണ്ട്. ആ അന്തരീക്ഷത്തെ സമർഥമായി ഉപയോഗിക്കുകയായിരുന്നോ ഡോവൽ? അറിയില്ല. ഏതായാലും ലാൽ ഡങ്കൻ തന്റെ കീഴടങ്ങലിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: ‘‘എനിക്കൊപ്പമുണ്ടായിരുന്ന ഏഴ് പോരാളികളിൽ ആറു പേരെയും കൊണ്ടാണ് ഡോവൽ പോയത്. സമാധാനചർച്ച നടത്തുകയല്ലാതെ പിന്നെ ഞാനെന്തു ചെയ്യും?’’

അജിത് ഡോവല്‍ | ഫോട്ടോ: പി.ടി.ഐ

‘ഡീപ് സ്റ്റേറ്റാ’യ പാകിസ്താനിലാണ് ഡോവലിന്റെ സാഹസിക ജീവിതം ഏറ്റവുമധികം പുഷ്കലമായത്. ആറു വർഷം അദ്ദേഹം അവിടെയുണ്ടായിരുന്നു. പാകിസ്താന്റെ കഹൂത ആണവനിലയം നിൽക്കുന്ന നഗരത്തിൽ ശാസ്ത്രജ്ഞന്മാർ മുടിവെട്ടുന്ന ബാർബർ ഷോപ്പിൽ കയറി ഡോവൽ അവിടെനിന്ന്‌ വെട്ടിയിട്ട തലമുടികൾ ശേഖരിച്ചു എന്ന കേൾക്കാനിമ്പമുള്ളതും വസ്തുതാപരമാ
യി തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു കഥയുണ്ട്. ഈ മുടിയിൽനിന്ന്‌ ആണവ നിലയത്തിൽ പാകിസ്താൻ ഉപയോഗിക്കുന്ന യുറേനിയത്തിന്റെ തരം തിരിച്ചറിയാൻ സാധിക്കും എന്നാണ് വാദം.

തന്റെ പാകിസ്താൻ ജീവിതത്തിലെ ഒരനുഭവത്തെക്കുറിച്ച്്്, 2014-ൽ പുണെയിലെ ഒരു ചടങ്ങിൽവെച്ച്, ഒരു കേൾവിക്കാരന്റെ ചോദ്യത്തിന് മറുപടിയായി ഡോവൽ പറഞ്ഞു:
‘‘....ഞാൻ ലഹോറിൽ മുസ്‌ലിമായി ജീവിക്കുകയായിരുന്നു. ഒരു ദിവസം ഞാനവിടത്തെ ഒരു ശവക്കോട്ടയിൽപ്പോയി. അവിടെെവച്ച് താടിനീട്ടിയ ഒരാൾ എന്നെ മാറ്റിനിർത്തിയശേഷം പറഞ്ഞു: ‘നിങ്ങൾ ഹിന്ദുവാണ്.’ ഞാൻ അത് നിഷേധിച്ചു. അയാൾ എന്നോട് പിറകേ വരാൻ പറഞ്ഞു. കുറെ തെരുവുകൾക്കപ്പുറം ഒരു ചെറുമുറിയിലെത്തിയപ്പോൾ, മുറിയടച്ച് കുറ്റിയിട്ടതിനുശേഷം അയാൾ പറഞ്ഞു: ‘നിങ്ങൾ ഹിന്ദുവാണ്.’ എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ പറയുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: ‘നിങ്ങൾ കാത് കുത്തിയിട്ടുണ്ട്.’ ഞാൻ മതപരിവർത്തനം ചെയ്തതാണ് എന്ന് പറഞ്ഞിട്ടും അയാൾ വിശ്വസിച്ചില്ല. വേഗം പോയി പ്ലാസ്റ്റിക് സർജറി ചെയ്ത് കാത് ശരിയാക്കാൻ പറഞ്ഞു; അല്ലെങ്കിലത് അപകടമാണ് എന്നും’’

ഇന്ത്യൻ എംബസിയിലെ വ്യാപാരവിഭാഗത്തിന്റെ തലവനായിരുന്നു അജിത് ഡോവൽ എന്ന് പ്രശസ്ത മാധ്യമപ്രവർത്തകനായ ശേഖർ ഗുപ്ത ഓർക്കുന്നു. അത്രയ്ക്കൊന്നും പരസ്പര വ്യാപാരങ്ങൾ നടക്കാത്ത ആ മേഖലയിൽ ഡോവൽ മറ്റെന്തൊക്കെയോ പരതി നടക്കുകയായിരുന്നു എന്നുവ്യക്തം. തന്റെ ആറ് വർഷത്തെ പാകിസ്താൻ ജീവിതത്തെപ്പറ്റി ഡോവൽ പറഞ്ഞ അറിവ് മാത്രമേ നമുക്കുള്ളൂ. അതിൽ സംശയങ്ങൾ പ്രകടിപ്പിക്കുന്നവരും ഒരു കാര്യം സമ്മതിക്കുന്നു: ഉറുദു നന്നായറിയുന്ന ഡോവലിന് പാകിസ്താന്റെ ഉള്ളറകൾ കൈവെള്ളയിലെ രേഖകൾപോലെ അറിയാം; അവരെ എങ്ങനെ നേരിടണമെന്നും. ഇന്ത്യക്ക്‌ കശ്മീർ എന്നപോലെ പാകിസ്താന് തലവേദനയായ ബലൂചിസ്താനിലെ വിഘടനവാദി സംഘടന ഡൽഹിയിൽ പത്രസമ്മേളനം നടത്തിയത് 2012-ലാണ്. അതിന്റെ പശ്ചാത്തലത്തിൽ മുംെബെ ഭീകരാക്രമണത്തെക്കുറിച്ച്് ഡോവൽ പാകിസ്താനോട് പറഞ്ഞു: ‘‘നിങ്ങൾക്ക് ഒരു മുംെബെ ആക്രമണം നടത്താൻ സാധിക്കുമായിരിക്കും; പക്ഷേ, നിങ്ങൾക്ക് ബലൂചിസ്താൻ നഷ്ടപ്പെടും.’’ അത് പാകിസ്താനെ മാത്രമല്ല ചൈനയെയും അമ്പരപ്പിച്ചു. കാരണം, ബലൂചിസ്താനിലെ മക്‌റാൻ തീരത്തെ ഗ്വാദർ തുറമുഖം കേന്ദ്രീകരിച്ചാണ് ചൈന മൂവായിരം കിലോമീറ്റർ നിണ്ട സാമ്പത്തിക ഇടനാഴി(Economic Coridor) ഉണ്ടാക്കുന്നത്. ഇന്ത്യയുടെ സംയുക്ത മിസൈൽ പരീക്ഷണകേന്ദ്രമായ ഒഡിഷയിലെ ബാലസോർ ജില്ലയിലെ ചാന്ദ്‌നിപുരിലെ ബംഗാളിയായ ചായക്കടക്കാരൻ പാകിസ്താൻ ഐ.എസ്.ഐ.യുടെ ചാരനാണെന്നും നാം അയാളെ പിടിക്കാൻ പോവുകയാണെന്നും പറഞ്ഞ് ഡോവൽ തന്നെ അമ്പരപ്പിച്ചതായി മുൻ ആഭ്യന്തരമന്ത്രി എൽ.കെ. അദ്വാനി ആത്മകഥയായ ‘MY LFE, MY COUNTRY’യിൽ പറയുന്നുണ്ട്. (പേജ്‌ 614)

കാണ്ഡഹാർ വിമാന റാഞ്ചലിൽ മധ്യസ്ഥനായതിനെക്കുറിച്ച് ഡോവൽ പിന്നീടൊരിക്കൽ പറഞ്ഞതിങ്ങനെ:
‘‘അവരെല്ലാം ചാവേർ ആക്രമണത്തിന് തയ്യാറായി വന്നതായിരുന്നു. ഇന്ത്യയിൽ സംഭവിച്ച എല്ലാ വിമാനറാഞ്ചലിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്്്. മധ്യസ്ഥന്റെ കഠിനജോലി എതിരാളികളുടെ മനസ്സുവായിക്കുക എന്നതാണ്. 36 മണിക്കൂർ കഴിയുമ്പോഴേക്കും റാഞ്ചികൾ ഒന്നയയും എന്ന്് ഞാൻ കരുതി. എന്നാൽ, അവർക്ക് ഒരു കുലുക്കവുമില്ലായിരുന്നു...’’(അന്ന്്് ബന്ദികളെ മോചിപ്പിച്ചെങ്കിലും കൊടും തീവ്രവാദികളായ മസൂദ് അസ്ഹർ അടക്കമുള്ളവരെ ഇന്ത്യക്ക്‌ വിട്ടുകൊടുക്കേണ്ടിവന്നു. രാജ്യത്തെ രഹസ്യാന്വേഷണത്തിന്റെ പരാജയമായാണ് ഡോവൽ ഇതിനെ വിലയിരുത്തിയത്)

കാണ്ഡഹാർ വിമാനറാഞ്ചികളുമായുള്ള മധ്യസ്ഥതയ്ക്കിടയിൽ അജിത് ഡോവൽ

സുവർണക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിടെ, പാകിസ്താന്റെ ചാരസംഘടനായായ ഐ.എസ്.ഐ.യുടെ ആളാണ് താൻ എന്ന് ഭിന്ദ്രൻവാലയെയും സംഘത്തെയും വിശ്വസിപ്പിച്ചാണ് ഉന്തുവണ്ടി റിക്ഷക്കാരനായ ഡോവൽ ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരസ്വാതന്ത്ര്യം നേടിയെടുത്തത് എന്നാണ്‌ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്‌. ക്ഷേത്രത്തിനകത്ത്് ഭീകരർ എങ്ങനെ എവിടെയൊക്കെ നിലയുറപ്പിച്ചിരിക്കുന്നു എന്ന കാര്യം പുറത്തെ ഓപ്പറേഷൻ സംഘത്തിനെ അറിയിച്ചത് ഡോവലാണ് എന്ന് പറയപ്പെടുന്നു. എന്നാൽ, ഇതിന് സ്ഥിരീകരണമില്ല എന്നും കെ.പി.എസ്.ഗില്ലിന്റെയും ജൂലിയോ റിബേറോയുടെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ കഠിനപ്രയത്നത്താലാണ് പഞ്ചാബിലെ ഭീകരവാദം അടിച്ചമർത്തിയത് എന്നുമാണ് മറുവാദം. ഈ വാദക്കാരും സമ്മതിക്കുന്ന ഒരു കാര്യം അജിത് ഡോവൽ ആ സമയത്ത് അവിടെയുണ്ടായിരുന്നു എന്നതാണ് -ഏതേതൊക്കെയോ ഭാവങ്ങളിലും രൂപങ്ങളിലും! ഈ തർക്കങ്ങൾക്ക് ശേഖർ ഗുപ്ത ക്രിക്കറ്റിന്റെ ഭാഷയിൽ മനോഹരമായ മറുപടി നൽകിയത് ഇങ്ങനെ: ‘‘പഞ്ചാബിൽ സംഭവിച്ചതിനെ ഇങ്ങനെ പറയാം-caught doval, bowled gill (ഗില്ലിന്റെ ബൗളിങ്ങിൽ ഡോവൽ ക്യാച്ചെടുത്തു).

തിക്രിതിലെ ആശുപത്രിയിൽ െഎ.എസ്. തീവ്രവാദികൾ ബന്ദികളാക്കിയ നഴ്‌സുമാരെ രക്ഷിക്കാനായി 2014 ജൂൺ 25-ന് നേരിട്ട്‌ ഇറാഖിലെത്തിയ ഡോവൽ പത്തുദിവസത്തിനകം എങ്ങനെയാണ് അവരെ രക്ഷപ്പെടുത്തിയെടുത്തത് എന്ന കാര്യം ഇന്നും രഹസ്യമാണ്. ജൂലായ് അഞ്ചിന് നഴ്‌സുമാരുടെസംഘം ഒരു പോറലുമേൽക്കാതെ കൊച്ചിയിലെത്തി (ആ ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കുള്ള ഒരു ട്രെയിൻ യാത്രയിൽ, വിരമിച്ച ഒരു ഇന്റലിജൻസ് ഓഫീസർ എന്റെ അടുത്തുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ‘‘ഐ.എസ്. തീവ്രവാദികൾ നഴ്‌സുമാർക്ക്്് ചായയും ബിസ്കറ്റും നൽകി എന്ന് ചില പത്രങ്ങൾ എഴുതി...’’ ‘‘അത് ശരിയല്ലേ?’’-ഞാൻ ചോദിച്ചു: ‘‘അല്ല. അവർ ഐ.എസ്. തീവ്രവാദികളായിരുന്നില്ല. തീവ്രവാദികളുടെ വേഷമിട്ട, ഡോവലിന്റെ ആളുകളായിരുന്നു. ആ യുദ്ധഭൂമിയിലൂടെ ആ വേഷത്തിലേ അനായാസം സഞ്ചരിക്കാൻ സാധിക്കുമായിരുന്നുള്ളൂ.’’ അയാൾ പറഞ്ഞത് ശരിയോ തെറ്റോ എന്നറിയില്ല; മറ്റ്‌ സ്ഥിരീകരണങ്ങളുമില്ല).

കശ്മീരിലെ കുക്കാ പാരേയും സംഘവും

വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി ബി.ജെ.പി.യുടെ വളർച്ചയ്ക്കും വരവിനും ഡോവലാണ് ശക്തി പകർന്നത് എന്നും അദ്ദേഹത്തിന്റെ വലതുപക്ഷ അഭിപ്രായപ്രകടനങ്ങൾ ബി.ജെ.പി.യുമായുള്ള കൂട്ടുകച്ചവടമാണ് എന്നും ആരോപിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു:

‘‘എനിക്ക്‌ എങ്ങനെയാണ് ബി.ജെ.പി.യുടെ കുഴലൂത്തുകാരനാവാൻ സാധിക്കുക? ഒരാൾക്ക് ഐ.എസ്.ഐ.യുടെയോ സി.ഐ.എ.യുടെയോ കൂട്ടുകച്ചവടക്കാരനാവാൻ സാധിക്കും. ബി.ജെ.പി. കോൺഗ്രസിനെപ്പോലെയോ സമാജ് വാദി പാർട്ടിയെപ്പോലെയോ ഒരു മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടിയാണ്. പൊതുസംവാദങ്ങൾ ഇത്തരത്തിൽ തരംതാഴുന്നതിൽ വേദനയുണ്ട്്. ഉന്നതമായ പദവികളിൽ കാലങ്ങളോളം ജോലിചെയ്ത ഒരുദ്യോഗസ്ഥനാണ് ഞാനെന്ന കാര്യം മറക്കരുത്...’’ വാദവും പ്രതിവാദവും തുടരുമ്പോഴും ഡോവൽ ഇപ്പോഴും അതീവ വിശ്വസ്തനായി മോദിക്കൊപ്പമുണ്ട്. പാകിസ്താന് പുറമേ ചൈനയുമായുള്ള അതിർത്തിത്തർക്ക വിഷയങ്ങളിലും ഡോവൽ മുഖ്യമുഖമാണ്. ചൈനയുടെ അടുപ്പക്കാരായി മാറിയ ശ്രീലങ്കയിലെ സർക്കാരിനെ, 2014-ൽ അട്ടിമറിച്ച് ഇന്ത്യാനുകൂലിയായ മൈത്രിപാല സിരിസേനയെ വാഴിക്കുന്നതിലെ മുഖ്യ ആസൂത്രകൻ ഡോവലായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്്് കൊളംബോയിലെത്തിയ ഡോവൽ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും കണ്ടിരുന്നു. ഡോവലിന്റെ മുൻഗാമിയായ ശിവശങ്കർ മേനോനെ നന്നായി അറിയുന്ന മുൻ പ്രസിഡന്റ്‌ ഗോതബയ രാജപക്സെ പറഞ്ഞു: ‘‘മേനോൻ കാര്യങ്ങളെ നയതന്ത്ര ഉദ്യോഗസ്ഥന്റെ കണ്ണിലൂടെ കണ്ടു. എന്നാൽ, അജിത് ഡോവൽ എല്ലാ കാര്യങ്ങളും ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ണിലൂടെയാണ് നോക്കിക്കണ്ടത്.’’ അതുതന്നെയായിരിക്കാം എല്ലാ കാര്യങ്ങളിലും നീക്കങ്ങളിലും ഡോവലിനെ വ്യത്യസ്തനാക്കുന്നതും.

ആദിത്യ ധർ സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ‘ഉറി’ എന്ന സിനിമയിൽ പരേഷ് റാവൽ അഭിനയിച്ച ഗോവിന്ദ് ഭരദ്വാജ് എന്ന കഥാപാത്രം അജിത് ഡോവലാണ്. അതിൽ അദ്ദേഹം ഒരു കാൾ കഴിഞ്ഞാൽ തന്റെ മൊബൈൽ ഫോൺ പൊട്ടിച്ചുകളയും. ഇതേക്കുറിച്ച്് ഡോ. അഭയ് ജെറി ‘Art Of Decision Making’ എന്ന വിഷയത്തിൽ നടത്തിയ അഭിമുഖത്തിൽ ചോദിച്ചപ്പോൾ ഡോവൽ നൽകിയ മറുപടി ഇങ്ങനെ:

‘‘ഉറി സിനിമ ഞാൻ കണ്ടിട്ടില്ല. എന്റെ ജോലിയുടെ പ്രത്യേകത കാരണം തിയേറ്ററിൽപ്പോയി സിനിമ കാണാൻ സാധിക്കാറില്ല. ഒരു കാര്യം ഞാൻ തുറന്നുപറയാം: ഞാൻ മൊബൈൽ ഫോണോ ആശയവിനിമയത്തിന് കംപ്യൂട്ടറോ ഉപയോഗിക്കാറില്ല. ലാപ്‌ടോപ് ടൈപ്പ് റൈറ്ററായാണ് ഞാൻ ഉപയോഗിക്കാറുള്ളത്...’’ പറയുന്നത് അജിത് ഡോവലായതുകൊണ്ട് വിശ്വസിക്കാം -വിശ്വസിക്കുക മാത്രമേ വഴിയുള്ളൂ.

(കാരവൻ മാസികയിൽ പ്രവീൺ ദോന്തി എഴുതിയ ‘Under cover-Ajit Doval theory and practice’ എന്ന പഠനലേഖനവും ഇന്ത്യയുടെ റോയുടെ തലവനായ എ.എസ്. ദുലാതും പാകിസ്താന്റെ ഐ.എസ്.ഐ. തലവനായിരുന്ന അസാദ് ദുറാനിയും ആദിത്യ സിൻഹയ്ക്കൊപ്പം ചേർന്നെഴുതിയ ‘SPY CHRONICLES’, എൽ.കെ. അദ്വാനിയുടെ ആത്മകഥയായ ‘MY COUNTRY, MY LIFE’ എന്നീ പുസ്തകങ്ങളും ഡോവലിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും ഇതെഴുതാൻ സഹായകരമായിട്ടുണ്ട്’)

Content Highlights: Ajit Doval: The legend in National Security


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented