ന്യൂഡല്‍ഹി: ലോക്ക്ഡൗണിനുശേഷം വിമാന സര്‍വീസുകള്‍ എന്ന് പുനരാരംഭിക്കാന്‍ കഴിയുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാല്‍, അനുമതി ലഭിച്ചാലുടന്‍ പറന്നുയരാനുള്ള മുന്നൊരുക്കങ്ങള്‍ വിമാനക്കമ്പനികള്‍ തുടങ്ങിക്കഴിഞ്ഞു. ജീവനക്കാര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ അടക്കമുള്ളവ നല്‍കാനാണ് പല കമ്പനികളുടെയും തീരുമാനം. യാത്രക്കാരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഭക്ഷണവും പാനീയങ്ങളും നല്‍കുന്നതടക്കം നിയന്ത്രിക്കും. 

ബജറ്റ് വിമാനക്കമ്പനിയായ എയര്‍ എഷ്യ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന യൂണിഫോം  അടക്കമുള്ളവ അവതരിപ്പിച്ചു കഴിഞ്ഞു. ബാങ്കോക്കില്‍നിന്ന് ഫിലിപ്പൈന്‍സ് പൗരന്മാരെ ഒഴിപ്പിച്ച പ്രത്യേക വിമാനത്തില്‍ ഈ യൂണിഫോം ധരിച്ചാണ് എയര്‍ ഏഷ്യ ജീവനക്കാര്‍ ജോലിക്കെത്തിയത്. പുതിയ യൂണിഫോമിന് ഫിലിപ്പൈന്‍സ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. വിമാന സര്‍വീസുകള്‍ പുനരാരംഭികക്കുന്നതോടെ എല്ലാ എയര്‍ഏഷ്യ വിമാനങ്ങളിലും ജീവനക്കാര്‍ ഈ യൂണിഫോം ഉപയോഗികക്കുമോ എന്നകാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് വിസ്താര വ്യക്തമാക്കിക്കഴിഞ്ഞു. ആഭ്യന്ത വിമാന സര്‍വീസുകളിലെ ഉയര്‍ന്ന ക്ലാസുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ പരിമിതപ്പെടുത്തും. ഓണ്‍ബോര്‍ഡ് സെയില്‍സ്, വെല്‍ക്കം ഡ്രിങ്ക്, മാഗസിനുകള്‍ എന്നിവ ഒഴിവാക്കും. യാത്രക്കാര്‍ക്ക് വിമാന ജീവനക്കാര്‍ കുടിവെള്ളം പകര്‍ന്നു നല്‍കുന്നത് നിര്‍ത്തി 200 മില്ലി ലിറ്ററിന്റെ കുപ്പികളില്‍ മാത്രം വെള്ളം നല്‍കും. രാജ്യാന്തര സര്‍വീസുകളില്‍ യാത്രക്കാരുമായി ഇടപഴകുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്ന തരത്തില്‍ ജീവനക്കാരുടെ സേവനം പുനഃക്രമീകരിക്കും. ജീവനക്കാര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നല്‍കും. കൊറോണ പടരാന്‍ ഇടവരുന്ന തരത്തില്‍ യാത്രക്കാരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും വിസ്താര വ്യക്തമാക്കി.

വിമാനങ്ങള്‍ വൃത്തിയാക്കുന്നതിന് പ്രത്യേക നടപടിക്രമം തന്നെ ഗോ എയര്‍ പ്രഖ്യപിച്ചിട്ടുണ്ട്. ആശുപത്രികളില്‍ ഉപയോഗിക്കുന്ന തത്തിലുള്ള അണുനാശിനികള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ഉള്‍വശവും ശൗചാലയങ്ങളും ശുചീകരിക്കും. വിമാനത്തിനുള്ളില്‍ വായു ശുദ്ധീകരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അണിനാശിനികള്‍, ,സാനിറ്റൈസര്‍, കൈയ്യുറകള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത്  സംബന്ധിച്ച പരിശീലനം ജീവനക്കാര്‍ക്ക് നല്‍കുമെന്നും ഗോ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിമാന സര്‍വീസുകള്‍ മുഴുവന്‍ നിര്‍ത്തിവെക്കേണ്ടി വന്നതോടെ കടുത്ത  പ്രതിസന്ധി നേരിടുന്നതിനിടെയാണ് വിമാനക്കമ്പനികള്‍ വീണ്ടും പറന്നുയരാനുള്ള  മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. വരുമാനം നിലച്ചതോടെ ജീവനക്കാരുടെ ശമ്പളത്തിന്റെ 92  ശതമാനം മാത്രമെ ഏപ്രില്‍ മാസത്തില്‍  നല്‍കൂവെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ജീവനക്കാരെയൊന്നും ഒഴിവാക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. പൊതുമേഖലാ സ്ഥാപനമായയ എയര്‍ഇന്ത്യ ജീവനക്കാരുടെ ശമ്പളം പത്ത് ശതമാനം വെട്ടിക്കുറച്ചിരുന്നു. ഗോ എയര്‍ പല ജീവനക്കാരെയും ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിച്ചു. എയര്‍ ഏഷ്യ ഉന്നത ഉദ്യോഗസ്ഥരുടെ  ശമ്പളം 20 ശതമാനം വെട്ടിക്കുറച്ചിരുന്നു. വിസ്താര മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ മാസം ആറ് ദിവസത്തെ ശമ്പളമില്ലാത്ത അവധി നല്‍കിയിരുന്നു. ഇന്‍ഡിഗോ മുതിര്‍ന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട്  തീരുമാനം മാറ്റി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി രാജ്യത്തെ ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ചരക്ക് വിമാനങ്ങള്‍, വിദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള വിമാനങ്ങള്‍, ഡിജിസിഎ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍  എന്നിവയ്ക്ക് മാത്രമാണ് പറക്കാന്‍ അനുമതി.

കടപ്പാട്- The Indian Express

Content Highlights: Airlines to modify their services after COVID 19 lockdown