ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി യുദ്ധവിമാനങ്ങളുടെ കോക്ക്പിറ്റില്‍ നിന്ന് ഇനി വളയിട്ട കൈകളും മിസൈലയക്കും. 2016 ജൂണ്‍ മാസം മുതലായിരിക്കും വനിതാ പൈലറ്റുമാര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റുകള്‍ പറത്തുക. മോഹനാ സിങ്, ഭാവനാ കാന്ത്, അവനി ചതുര്‍വേദി എന്നിവരായിരിക്കും ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റുകളിലെ ആദ്യ വനിതാ പൈലറ്റുമാര്‍. ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിനടുത്ത് ഡുണ്ടിഗലിലെ എയര്‍ഫോഴ്സ് അക്കാദമിയിലാണ് പരിശീലനം.
വ്യോമസേന തുറന്ന് തന്നിരിക്കുന്ന അവസരം ആവേശത്തോടെയാണ് മോഹനാ സിങ് സ്വീകരിക്കുന്നത്. ഇതുവരെ ഇന്ത്യന്‍ ഫൈറ്റര്‍ വിമാനങ്ങള്‍ പുരുഷന്മാര് മാത്രമായിരുന്നു പറത്തിയിരുന്നത്. എന്നാല്‍ മേഖലയിലെ പുരുഷാധിപത്യം അവസാനിപ്പിച്ച് വനിതകള്‍ക്കു കൂടി ഫൈറ്റര്‍ പൈലറ്റുമാരാവാനുള്ള അവസരമാണ് ഇന്ത്യന്‍ വ്യോമസേന തുറക്കുന്നത്. പരിശീലനം നല്കുന്നവരില് നിന്നും പ്രചോദനമുള്ക്കൊള്ളുന്നതായാണ് അവനി ചതുര്‍വേദിക്ക് പറയാനുള്ളത്. ഭാവനകാന്തിനാകട്ടെ കുട്ടിക്കാലത്തെ സ്വപ്നം പൂവണിയുകയാണ്. പരിശീലനം അതികഠിനമായിരുന്നെങ്കിലും ഏത് കനത്ത വെല്ലുവിളിയും നേരിടാനുള്ള ചങ്കുറപ്പ് ഈ മൂവര്‍ സംഘത്തിനുണ്ട്. കഠിനപ്രയ്തനത്തിലൂടെ നേടാനാകാത്ത ഒന്നും ലോകത്തില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു.
പുരുഷ പൈലറ്റുമാര്‍ കടന്നുപോവുന്ന അതേ പരിശീലന രീതികളിലൂടെയാണ് ഇവരും കടന്നുപോവുന്നത്. ഫൈറ്റര്‍ പൈലറ്റാവുന്നതില് ലിംഗപരമായി ഒന്നുമില്ലെന്നും കഠിനപ്രയത്നമാണ് അതിനാവശ്യമെന്നും പറയുമ്പോള്‍ ഭാവനകാന്തിന്റെ കണ്ണുകളില്‍ ആത്മവിശ്വാസം തിളങ്ങി. വലിയ സ്വപ്നങ്ങള്‍ കാണുക, ഒരു ലക്ഷ്യം നിശ്ചയിക്കുക, അത് നേടിയെടുക്കാനുള്ള ഇച്ഛാശക്തി ആര്‍ജ്ജിക്കുക ഇതാണ് രാജ്യത്തെ മറ്റുവനിതകളോട് ഈ ധീരവനിതകള്‍ക്ക് പറയാനുള്ളത്.