പ്രതീകാത്മക ചിത്രം | Photo: CHANDAN KHANNA | AFP
അഹമ്മദാബാദ്: വാക്സിന്‍ എടുക്കാന്‍ വിമുഖത കാട്ടിയ വ്യോമസേനാ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാംഗ് വ്യാസ് സബ്മിഷനിലൂടെയാണ് ജസ്റ്റിസ് എ.ജെ ദേശായി, എ.പി താക്കര്‍ എന്നിവരടങ്ങിയ ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോട് രാജ്യത്ത് ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് വാക്സിന്‍ എടുക്കാത്തതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി അറിയിച്ചത്. വ്യോമസേനാ കോര്‍പ്പറല്‍ യോഗേന്ദ്ര കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന ഒരാളെയാണ് സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്റെ പേരോ മറ്റ് വിവരങ്ങളോ അദ്ദേഹം പുറത്ത് വിട്ടില്ല. വാക്‌സിന്‍ സ്വീകരിക്കുന്നത് വ്യോമസേനാ സര്‍വ്വീസില്‍ നിര്‍ബന്ധമാക്കിയതിന് പുറമേ സത്യപ്രതിജ്ഞയിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യോഗേന്ദ്ര കുമാര്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണല്‍ ആക്ട് പ്രകാരം ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണലിന്റെ മുന്നില്‍ ഹാജരാകാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാംഗ് വ്യാസ് പറഞ്ഞു. കഴിഞ്ഞ മേയ് പത്തിനാണ് യോഗേന്ദ്ര കുമാര്‍ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാക്‌സിന്‍ സ്വീകരിക്കുന്നത് സന്നദ്ധതയുടെ അടിസ്ഥാനത്തിലാകണമെന്നും ഒരിക്കലും നിര്‍ബന്ധപ്രകാരമാകരുതെന്നും വ്യോമസേനയോട് നിര്‍ദേശിക്കണമെന്ന് കോടതിയോട് യോഗേന്ദ്ര കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ വ്യോമസേനയുടെ അന്തിമതീരുമാനം വരുന്നത് വരെ ഇടക്കാലാശ്വാസമെന്ന് നിലയില്‍ നിര്‍ബന്ധിത വാക്‌സിന്‍ യോഗേന്ദ്ര കുമാറിന് നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു.
Content Highlights: airforce dissloved an airforce employee for not getting vaccinated
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..