ഐഎൻഎസ് വിരാട് | Photo: PTI
മുംബൈ: വിമാനവാഹനിക്കപ്പലായ ഐഎന്‍എസ് വിരാടിന്റെ രണ്ട് ദിവസം നീളുന്ന അവസാന യാത്ര ആരംഭിച്ചു. കപ്പലുകളുടെ ലോകത്തിലെ ഏറ്റവും വലിയ അന്ത്യവിശ്രമകേന്ദ്രമായ ഗുജറാത്തിലെ അലംഗിലേക്കാണ് മൂന്ന് പതിറ്റാണ്ടോളം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന ഐഎന്‍എസ് വിരാടിന്റെ അവസാന യാത്ര. 2017 മാര്‍ച്ചില്‍ ഡി കമ്മിഷന്‍ ചെയ്ത ഈ യുദ്ധവിമാനവാഹിനിയെ പൊളിച്ചു വില്‍ക്കാനാണ് തീരുമാനം.
ടഗ് ബോട്ടുകളുപയോഗിച്ച് നീക്കുന്ന പടുകൂറ്റന്‍ പടക്കപ്പലിന് രാജകീയവും വികാരനിര്‍ഭരവുമായ യാത്രയയപ്പാണ് നാവികസേനാംഗങ്ങള്‍ നല്‍കിയത്. വിരാടിന്റെ മുപ്പത് കൊല്ലത്തെ സേവനത്തിനുള്ള ബഹുമതിയായി നാവികസേനയുടെ ഹെലികോപ്ടര്‍ അകമ്പടിയായി പറന്നു. വെള്ളിയാഴ്ചയാണ് വിരാടിന്റെ അലംഗിലേക്കുള്ള യാത്ര തീരുമാനിച്ചിരുന്നതെങ്കിലും അത് ഒരു ദിവസം നീണ്ടു.
മുംബൈയിലെ നേവല്‍ ഡോക്‌യാര്‍ഡിലായിരുന്നു ഡി കമ്മിഷന്‍ ചെയ്ത ശേഷം വിരാടിനെ സൂക്ഷിച്ചിരുന്നത്. 852 കോടി രൂപ ചെലവില്‍ കൊങ്കണിലെ സിന്ധുദുര്‍ഗില്‍ മാരിടൈം മ്യൂസിയമാക്കി മാറ്റാനുള്ള തീരുമാനമുപേക്ഷിച്ചതോടെയാണ് വിരാടിനെ പൊളിയ്ക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്.
1959-ല്‍ ബ്രിട്ടീഷ് റോയല്‍ നേവിയ്ക്കായി നിര്‍മിക്കുകയും 1984-ല്‍ ഡി കമ്മിഷന്‍ ചെയ്യുകയും ചെയ്ത എച്ച്എംഎസ് ഹെര്‍മിസ് 1987-ല്‍ ഇന്ത്യ വാങ്ങിയതോടെയാണ് ഐഎന്‍എസ് വിരാടായി തീര്‍ന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് പടുകൂറ്റന്‍ കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. റോയല്‍ നേവിയില്‍ ഹെലികോപ്ടര്‍ പൈലറ്റായിരുന്ന ചാള്‍സ് രാജകുമാരന്‍ ജോലി ചെയ്ത കപ്പലെന്ന വിശേഷതയും ഇതിനുണ്ട്.
2017-ല്‍ ഡി കമ്മിഷന്‍ ചെയ്യുന്നതു വരെ അറ്റകുറ്റ പണികള്‍ക്കായി ഐഎന്‍എസ് വിരാട് എത്തിയിരുന്നത് കൊച്ചിയിലാണ്. 28,000 ടണ്‍ ഭാരമുള്ള വിരാട് 1991 മുതല്‍ മാസങ്ങളോളം നീളുന്ന അറ്റകുറ്റപണികള്‍ക്കായി കൃത്യമായ ഇടവേളകളില്‍ കൊച്ചിന്‍ ഷിപ്‌യാഡിലെത്തിയിരുന്നു. വിരാട് എത്തുന്നതിന് മുമ്പ് വരെ ചരക്കുകപ്പലുകളുടെ അറ്റകുറ്റപണികള്‍ മാത്രമാണ് കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍വഹിച്ചിരുന്നത്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിമാനവാഹിനിക്കപ്പലിനെ ഉപേക്ഷിക്കാന്‍ നാവികസേന പലതവണ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. കപ്പലിന്റെ പഴക്കം പരിപാലനം ചെലവേറിയതാക്കി. നിര്‍ത്തിയിട്ടിരുന്ന കാലയളവിലും കപ്പലിന്റെ ദൈനംദിന ചെലവ് കൂടുതലായതിനാല്‍ ഇന്ത്യയുടെ രണ്ടാമത്തെ യുദ്ധക്കപ്പലായ വിരാടിനെ ഡി കമ്മിഷന്‍ ചെയ്യാന്‍ നാവികസേന നിര്‍ബന്ധിതമായി.
അലംഗിലെത്താന്‍ വിരാടിന് രണ്ട് ദിവസം വേണ്ടിവരും. വിരാടിനെ സംരക്ഷിക്കാനാവാത്തത് സര്‍ക്കാരുകളുടെ പരാജയമായി സാമൂഹികമാധ്യമങ്ങളിലൂടെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ സുവര്‍ണകാലഘട്ടത്തിന്റെ അന്ത്യമെന്ന് വിരാടിന്റെ അവസാന യാത്രയെ കുറിച്ച് പ്രതിരോധ വക്താവ് ട്വീറ്റ് ചെയ്തു.
Aircraft Carrier INS Viraat On Final Voyage To Gujarat, Will Be Dismantled
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..