ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി എയര്‍ബസില്‍ നിന്ന് 56 സി-295 എംഡബ്ല്യു വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി സ്പെയ്നിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ്‌ സ്പെയ്സുമായി പ്രതിരോധ മന്ത്രാലയം 22,000 കോടി രൂപയുടെ കരാറൊപ്പിട്ടു. വ്യോമസേന നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അവ്‌രോ 748 വിമാനങ്ങള്‍ക്കു പകരമായാണ് സി-295 വിമാനങ്ങള്‍ എത്തുക. ഇന്ത്യന്‍ വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പായിരിക്കും സി-295  വിമാനങ്ങളുടെ വരവെന്ന് പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. 

എയര്‍ബസ് സി-295 

ലൈറ്റ്- മീഡിയം സെഗ്മെന്റിലെ പുതിയ തലമുറ ടാക്റ്റിക്കല്‍ എയര്‍ലിഫ്റ്ററാണ് എയര്‍ബസ് സി-295. സ്പാനിഷ് വിമാന നിര്‍മാതാക്കളായ കാസ (Construcciones Aeronáuticas SA)യാണ് തുടക്കത്തില്‍ വിമാനം നിര്‍മിച്ചിരുന്നത്. കാസ ഇപ്പോള്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ്‌ സ്പെയ്‌സിന്റെ ഭാഗമാണ്. സ്‌പെയിനിലെ എയര്‍ബസിന്റെ കേന്ദ്രത്തിലാണ് നിലവില്‍ സി-295 നിര്‍മിക്കുന്നത്. 

പൂര്‍ണ സജ്ജമായ റണ്‍വേ ആവശ്യമില്ലാത്ത സി-295 ന് പാരാ ഡ്രോപ്പിംഗിനായി പിന്‍ഭാഗത്ത് റാമ്പ് ഡോറുമുണ്ട്. അതിനാല്‍ തന്നെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെ നീക്കങ്ങള്‍ക്കും പ്രയോജനപ്രദമാണ് ഈ വിമാനങ്ങള്‍. ലോകമെമ്പാടും വ്യത്യസ്ത കാലാവസ്ഥകളില്‍ വിവിധ ദൗത്യങ്ങളില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ചവയാണ് ഇവ. 

അഞ്ച് മുതല്‍ 10 ടണ്‍ ഭാരം ഭാരം വഹിക്കാന്‍ ശേഷിയുള്ള സി 295 എംഡബ്ല്യു വിമാനങ്ങളില്‍നിന്ന് സൈനികരെയും ചരക്കുകളും പാരാഡ്രോപ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. അതിനാല്‍ തന്നെ വടക്ക്, വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും വ്യോമസേനക്ക് തന്ത്രപരമായ എയര്‍ലിഫ്റ്റ് ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. 

Airbus C-295

40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും 

56 വിമാനങ്ങളില്‍ 16 എണ്ണം സ്പെയ്നിലും 40 എണ്ണം ഇന്ത്യയിലുമായിരിക്കും നിര്‍മിക്കുക. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതി പ്രകാരമാണ് ഇന്ത്യയില്‍  സി-295 വിമാനങ്ങള്‍ നിര്‍മിക്കുക. സ്പെയ്നില്‍ നിര്‍മിക്കുന്ന വിമാനങ്ങളുടെ നിര്‍മാണം 48 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് എയര്‍ ബസ് കണക്കുകൂട്ടുന്നത്. 

ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേര്‍ന്ന് 10 വര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് എയര്‍ബസ് ലക്ഷ്യമിടുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. സ്പെയ്നിലും ഇന്ത്യയിലുമായി നിര്‍മിക്കുന്ന 56 വിമാനങ്ങളിലും തദ്ദേശീയമായി വികസിപ്പിച്ച  ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടാണ് സ്ഥാപിക്കുക. 

ലോകമെമ്പാടും സൈനിക, യാത്രാ ആവശ്യങ്ങള്‍ക്കായി സി-295 എംഡബ്ല്യു വിമാനങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്. കാനഡ, ഈജിപ്റ്റ്, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതിനാല്‍ തന്നെ ഡെലിവറി പൂര്‍ത്തിയായ ശേഷം രാജ്യത്ത് നിര്‍മിക്കുന്ന വിമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയും. 

ആവ്രോ-748ന് പകരം എത്തുന്ന വമ്പന്‍ 

ഇന്ത്യന്‍ വ്യോമസേന നിലവില്‍ ഉപയോഗിക്കുന്ന ആവ്രോ-748 വിമാനങ്ങള്‍ക്ക് പകരമായാണ് സി-295 എംഡബ്ല്യു വിമാനങ്ങള്‍ എത്തുക. ഇന്ത്യന്‍ വ്യോമസേന 1960 കളിലാണു അവ്‌രോ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. 2013ല്‍ പുതിയ വിമാനങ്ങള്‍ക്കായി നീക്കം നടത്തിയെങ്കിലും അത് നീണ്ടുപോയി. തുടര്‍ന്ന് 2015 മേയില്‍ എയര്‍ബസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ബിഡിന് ഡിഫെന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി. എന്നാല്‍ അന്തിമ കരാര്‍ പിന്നെയും വൈകുകയായിരുന്നു.

Content Highlights: Airbus C295 - Know All About the Transport Aircraft Being Made-in-India by Tata for IAF