ന്യൂഡൽഹി: ഉത്തരധ്രുവത്തിലൂടെ ഏറ്റവും ദൈർഘ്യമേറിയ വിമാന യാത്ര നടത്തി ചരിത്രം കുറിക്കാൻ വനിതാ വൈമാനികർ. എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാരുടെ സംഘമാണ് ഉത്തരധ്രുവത്തിലൂടെ 16,000 കിലോമീറ്റർ നീളുന്ന യാത്ര നടത്തുന്നത്. ശനിയാഴ്ചയാണ് അവരുടെ ചരിത്രത്തിലേയ്ക്കുള്ള ആകാശയാത്ര.

ബോയിങ് 777 വിമാനത്തിന്റെ സാൻ ഫ്രാൻസിസ്കോയിൽനിന്ന് ആരംഭിച്ച് ബെംഗളൂരുവിൽ അവസാനിക്കുന്ന യാത്രയ്ക്കാണ് വനിതകൾ ചുക്കാൻ പിടിക്കുന്നത്. എയർ ഇന്ത്യ കാപ്റ്റൻ സോയ അഗർവാളാണ് സംഘത്തെ നയിക്കുന്നത്.

ഉത്തരധ്രുവത്തിലൂടെയുള്ള യാത്ര അങ്ങേയറ്റം സാങ്കേതികവും വൈദഗ്ധ്യവും പരിചയസമ്പത്തും ആവശ്യമുള്ളതുമാണ്.സാധാരണ ഏറ്റവും വൈദഗ്ധ്യമുള്ള പൈലറ്റുമാരെയാണ് ഈ റൂട്ടിൽ വിമാനം പറത്താൻ വിമാനക്കമ്പനികൾ നിയോഗിക്കാറുള്ളത്. ഇത്തവണ വനിതാ പൈലറ്റുമാരെയാണ് എയർ ഇന്ത്യ ഇത്തരമൊരു ഉത്തരവാദിത്തം ഏൽപ്പിക്കുന്നത്. എയർ ഇന്ത്യ വക്താവ് പറഞ്ഞു.

ഇത്തരമൊരു ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് പൈലറ്റുമാരുടെ സംഘത്തെ നയിക്കുന്ന സോയ അഗർവാൾ പറഞ്ഞു. ഏതൊരു പ്രൊഫഷണൽ പൈലറ്റിന്റെയും സ്വപ്നമാണ് ഈ യാത്ര. ഉത്തരധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിൽ വിമാനം പറത്താൻ ലഭിച്ചിരിക്കുന്നത് ഒരു സുവർണാവസരമാണെന്നും അവർ പറഞ്ഞു.

ബോയിങ് 777 പറത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ആണ് സോയ അഗർവാൾ. 2013ൽ ആയിരുന്നു അവർ ഈ നേട്ടം കരസ്ഥമാക്കിയത്. കാപ്റ്റൻമാരായ തന്മയ് പപ്പാഗരി, ആകാൻഷ സോനാവാനെ, ശിവാനി മൻഹാസ് എന്നിവരാണ് സോയ അഗർവാളിനൊപ്പമുള്ളത്.

Content Highlights:Air India women pilots set to script history by flying over North Pole on worlds longest air route