ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്ന യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ മൂന്ന് 'വന്ദേ ഭാരത് മിഷന്‍' വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് ഇവ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തും.
എയര്‍ ബബിള്‍ ക്രമീകരണത്തിന് കീഴില്‍ യുക്രൈനില്‍ നിന്ന് വരുന്നതും പോകുന്നതുമായ വിമാനങ്ങളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കംചെയ്തതിന് തൊട്ടുപിന്നാലെയാണിത്.
അയല്‍രാജ്യമായ റഷ്യയില്‍ നിന്നുള്ള അധിനിവേശം ഭയന്ന് യുക്രൈന്‍ ആശങ്കയിലായിരുന്നു. ഇതേതുടര്‍ന്ന് യുക്രൈന്‍ റഷ്യയുമായുള്ള അതിര്‍ത്തിയില്‍ സൈന്യങ്ങളെയും ടാങ്കുകളും സൈനിക ഹെലികോപ്റ്ററുകളും വിന്യസിച്ചിരുന്നു.
എന്നിരുന്നാലും, പശ്ചിമേഷ്യയില്‍ ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്ന് യുക്രൈനിന്റെ അതിര്‍ത്തിക്കടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ടാങ്കുകളും വാഹനങ്ങളും പിന്‍വലിക്കുകയാണെന്ന് റഷ്യ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ആളുകള്‍ക്ക് വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളില്‍ പരിഭ്രാന്തരാകരുതെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി ബുധനാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. എയര്‍ ഇന്ത്യ, യുക്രൈനിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നിവയില്‍ നിന്നുള്‍പ്പെടെ സമീപഭാവിയില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും അറിയിച്ചു.
നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വം കണക്കിലെടുത്ത് ചൊവ്വാഴ്ച ഇന്ത്യന്‍ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളോട്, രാജ്യം വിട്ടുപോകാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.
വിമാന യാത്രാ നിയന്ത്രണങ്ങള്‍ കാരണം വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കുക എന്നതാണ് വന്ദേ ഭാരത് മിഷന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തിലൂടെ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനായിരുന്നു.
Content Highlights: air india to start vande bharat mission to bring back indians from ukraine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..