ന്യൂഡല്‍ഹി: ഓഗസ്റ്റ് ആദ്യവാരം മുതല്‍ യുഎസിലേക്കുള്ള സർവീസുകൾ വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. മുന്‍കൂട്ടി അറിയിക്കാതെ തന്നെ എയര്‍ ഇന്ത്യ സർവീസുകൾ റദ്ദാക്കുന്നതിനും പുനക്രമീകരിക്കുന്നതിനും എതിരേ സമൂഹമാധ്യമങ്ങളിലൂടെ വലിയ വിദ്യാര്‍ഥി പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനം.

 'സമീപകാലത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മുംബൈയ്ക്കും നെവാര്‍ക്കിനുമിടയിലുള്ളവയുള്‍പ്പെടെ ചില വിമാനങ്ങള്‍ റദ്ദാക്കേണ്ടിയുംവന്നു. ഇതെല്ലാം യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു എന്നാണ് എയര്‍ ഇന്ത്യ  ഒരു ദേശീയ മാധ്യത്തോട് വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.

മുൻപ് 40 സർവീസുകൾ ആഴ്ചയിൽ ഉണ്ടായിരുന്ന സ്ഥാനത്ത് നിയന്ത്രണം വന്നതോടെ ജൂലൈയില്‍ യുഎസ്സിലേക്ക് ആഴ്ചയില്‍ 11 സര്‍വീസുകളാണ് നടത്തിയിരുന്നത്. ഓഗസ്റ്റ് ഏഴോടെ ഇത് 22 ആയി വര്‍ധിപ്പിക്കും എന്നാണ് എയര്‍ ഇന്ത്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്..

content highlights: Air India To increase Flights To US