-
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര് മലയാളികളാണ്.
234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 വിദ്യാര്‍ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്.
ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം യാത്ര തിരിച്ചു.

വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതര്‍ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്. ഇവരെ പ്രത്യേകം പാര്‍പ്പിക്കാന്‍ ഹരിയാണയിലെ മനേസറിനടുത്ത് കരസേന സൗകര്യമൊരുക്കി. വൈറസ്ബാധ വെളിപ്പെടാനുള്ള കാലമായ രണ്ടാഴ്ച അവരെ അവിടെ താമസിപ്പിച്ച് നിരീക്ഷിക്കും. അതിനായി ഡോക്ടര്‍മാരെയും മെഡിക്കല്‍ ജീവനക്കാരെയും ഒരുക്കി. വൈറസ്ബാധ സ്ഥിരീകരിക്കുന്നവരെ ഡല്‍ഹി കന്റോണ്‍മെന്റ് ബെയ്സ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. വിമാനമെത്തിയാലുടന്‍ ആദ്യപരിശോധന നടത്തും.
325 പേരെയും ഒരുമിച്ചുതാമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍, 50 പേര്‍ക്കുവീതം കഴിയാവുന്ന ബാരക്കുകളാണ് ഒരുക്കിയത്. ഒരിടത്തുള്ളവരെ മറ്റൊരിടത്തുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കില്ല. ഹുബെ പ്രവിശ്യയില്‍നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു.
Content Highlights: Air India special flight carrying 324 Indians that took off from Wuhan lands in Delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..