ന്യൂഡല്‍ഹി:  എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിലേക്ക്. കേന്ദ്ര തീരുമാനം രാജ്യവിരുദ്ധമാണെന്ന് പ്രതികരിച്ച സുബ്രഹ്മണ്യന്‍ സ്വാമി താന്‍ ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്ന്  ട്വീറ്റിലൂടെ പ്രതികരിച്ചു.

എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് എന്തിനാണ് വില്‍ക്കുന്നതെന്ന് അദ്ദേഹം മോദിയെ ടാഗ് ചെയ്ത് ചോദിക്കുന്നു. ഏപ്രില്‍-ഡിസംബര്‍ കാലത്ത് എയര്‍ ഇന്ത്യ ലാഭത്തിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

സര്‍ക്കാരിന് പണമില്ലാത്തതിനാല്‍ ആസ്തികളെല്ലാം വിറ്റഴിക്കുകയാണെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ കൈയില്‍ കാശില്ല. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. അതിനാണ് ഇതൊക്കെ ചെയ്യുന്നത്. എല്ലാ വിലപിടിപ്പുള്ള ആസ്തികളും വില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

Content Highlights: Cong says govt has no money, selling all assets