Photo: AP
അവസാനം അത് സംഭവിച്ചിരിക്കുന്നു. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമായി. പതിനെട്ടായിരം കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
എയര്‍ ഇന്ത്യക്ക് പുറമെ Air India-Sats, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 50 ശതമാനം ഓഹരികള്‍ കൂടി ടാറ്റയ്ക്ക് സ്വന്തമാവും. 18000 കോടിയുടെ ഇടപാടാണെങ്കിലും 2700 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുക. ബാക്കി തുക എയര്‍ ഇന്ത്യയുടെ കടമാണ്. അത് ടാറ്റ ഏറ്റെടുക്കും.
എയര്‍ ഇന്ത്യയുടെ കെട്ടിടങ്ങളും വസ്തുക്കളും ഉള്‍പ്പടെയുള്ള നോണ്‍ കോര്‍ അസറ്റുകള്‍ ഈ ഡീലില്‍ ഉള്‍പ്പെടില്ല. 14,718 കോടി രൂപ മൂല്യം കണക്കാക്കുന്ന ഈ സ്വത്തുക്കള്‍ സര്‍ക്കാരിന്റെ തന്നെ AIAHL എന്ന പുതുതായി രൂപവത്കരിക്കുന്ന കമ്പനിക്ക് കൈമാറും.
എയര്‍ ഇന്ത്യയുടെ ആകെ കടമായി കണക്കാക്കുന്നത് 60,000 കോടിയിലധികം രൂപയാണ്. സര്‍ക്കാരിന് ഇതിലൂടെ ഓരോ ദിവസവും നഷ്ടമായിരുന്നത് 20 കോടി രൂപയോളമാണ്.
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് രണ്ടാം വര്‍ഷം മുതല്‍ വളണ്ടറി റിട്ടയര്‍മെന്റിനുള്ള പദ്ധതി അനുവദിക്കും. ഒന്നാം വര്‍ഷം ഒരു തരത്തിലുള്ള ചെലവുചുരുക്കലുമുണ്ടാകില്ല. എല്ലാ ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റിയും പി.എഫും ലഭിക്കും.
അഞ്ച് വര്‍ഷത്തിനുശേഷം എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സിന് കൈമാറാം. പക്ഷെ കൈമാറുന്നത് ഇന്ത്യന്‍ വ്യക്തികള്‍ക്കോ കമ്പനിക്കോ മാത്രമായിരിക്കണം. എയര്‍ ഇന്ത്യയെ ഇന്ത്യന്‍ ബ്രാന്‍ഡായി തന്നെ നിലനിര്‍ത്താന്‍ വേണ്ടിയാണിത്.
എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ശ്രമമാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്. 2018 ലായിരുന്നു സര്‍ക്കാരിന്റെ ആദ്യ ശ്രമം.
സ്പൈസ് ജെറ്റായിരുന്നു ഇത്തവണത്തെ ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി. 15100 കോടി രൂപയായിരുന്നു സ്‌പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക.
എയര്‍ ഇന്ത്യക്ക് പുറമെ വിസ്താര എയര്‍, ഏഷ്യ ഇന്ത്യ എന്നീ വിമാന സര്‍വീസുകളിലും ടാറ്റയ്ക്ക് പങ്കാളിത്തമുണ്ട്. ജെആര്‍ഡി തുടക്കത്തില്‍ ടാറ്റ എയര്‍ സര്‍വീസസ് എന്നും പിന്നീട് ടാറ്റ എയര്‍ലൈന്‍സ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സര്‍വീസ് 1953ലാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്.
Content Highlights: Air India Returns To Tata After 68 Years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..