മുംബൈ: പതിനാറ് ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ പൈലറ്റിനെ മുംബൈ എയര്‍പോര്‍ട്ടില്‍ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം പതിവ് പരിശോധനയ്ക്കിടെയാണ് ഇയാളുടെ ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്.

മുംബൈ സി.എസ്.ടി. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ജിദ്ദ-മുംബൈ എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് പിടിയിലായത്. ഏഴ് സ്വര്‍ണക്കട്ടികളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. ഇതിന്  600 ഗ്രാം തൂക്കംവരും. 

വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് കടത്തുകയായിരുന്നു സ്വര്‍ണം. പൈലറ്റ് കുറ്റം സമ്മതിച്ചതായി കസ്റ്റംസ് വ്യക്തമാക്കി. എവിടെനിന്ന്, ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയത് എന്നത് സംബന്ധിച്ച അന്വേഷണം നടത്തിവരികയാണ്. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.