എയർ ഇന്ത്യ | ഫോട്ടോ: PTI
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് യാത്രക്കാരന് മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍. യാത്രക്കാരിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
നവംബര്‍ 26 നാണ് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ 72-കാരിയായ സ്ത്രീയുടെ മേല്‍ മദ്യലഹരിയില്‍ ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന് മൂത്രമൊഴിച്ചെന്നാണ് പരാതി. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി യാത്രക്കാരി നല്കിയ പരാതിയില്‍ പറയുന്നു.
വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിമാനം ഡല്‍ഹിയിലെത്തിയപ്പോള്‍ കൂസലില്ലാതെ ഇയാള്‍ ഇറങ്ങിപ്പോകുകയും ചെയ്തതായും യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയത്.
പരാതി വിവാദമായതോടെ ഒളിവില്‍ പോയ മിശ്രയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് ശങ്കര്‍ മിശ്രയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍. കേസില്‍ ശങ്കര്‍ മിശ്ര നല്കിയ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
പരാതിയില്‍ നടപടികള്‍ സ്വീകരിക്കാതെയിരുന്ന എയര്‍ ഇന്ത്യയുടെ നിലപാട് വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രയ്ക്ക് നാലു മാസത്തെ യാത്രാ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlights: Air India Fined 30 Lakhs, Pilot's Licence Suspended For 3 Months
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..