മുംബൈ: കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ കെ.എസ് സുന്ദര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍നിന്ന് മുംബൈയിലെത്തിയ ഐ.എക്‌സ് 213 വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. പ്രധാന റണ്‍വെ അടച്ചിരുന്നതിനാല്‍ മറ്റൊന്നിലാണ് വിമാനം ഇറങ്ങിയത്. റണ്‍വെ അവസാനിക്കുന്നിടത്തുനിന്ന് 10 അടി മാറിയാണ് വിമാനം നിന്നത്.

റണ്‍വെയില്‍ വിമാനം കൃത്യമായി ഇറക്കിയെങ്കിലും കനത്ത മഴമൂലം തെന്നി മാറുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിനും തകരാറൊന്നും സംഭവിച്ചിട്ടില്ല.