ന്യൂഡല്‍ഹി: രണ്ട് സന്ദര്‍ഭങ്ങളിലായി പാകിസ്താന്‍ പട്ടാളത്തിന്റെ പിടിയിലായ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയും  വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനും ഒരുമിച്ച് പോര്‍വിമാനം പറത്തി. കാര്‍ഗില്‍ യുദ്ധകാലത്ത് പാകിസ്താന്റെ പിടിയിലായ ധനോവയും ബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്താന്റെ പിടിയിലായ അഭിനന്ദനും അതിനപ്പുറം മറ്റൊരു ബന്ധം കൂടിയുണ്ട്.

അഭിനന്ദന്റെ പിതാവിനൊപ്പം പോര്‍വിമാനം പറത്തിയിട്ടുണ്ട് ബി.എസ് ധനോവ. വിരമിക്കുമ്പോള്‍ വ്യോമസേനയില്‍ എയര്‍ മാര്‍ഷലായിരുന്നു അഭിനന്ദന്റെ അച്ഛന്‍. രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന റഷ്യന്‍ നിര്‍മിത മിഗ് 21 പരിശീലന വിമാനത്തില്‍ ചീഫ് മാര്‍ഷല്‍ ധനോവ മുന്‍ സീറ്റില്‍ ഇരുന്നാണ് വിമാനം നിയന്ത്രിച്ചത്. 

ഞങ്ങള്‍ക്കിടയില്‍ രണ്ട് സമാനതകളുണ്ട്. ഞങ്ങള്‍ രണ്ടുപേരും പറത്തിയത് മിഗ് 21 പോര്‍വിമാനങ്ങളാണ്. രണ്ടു പേരും പാകിസ്താനെതിരെ യുദ്ധം ചെയ്തവരാണ്. ഞാന്‍ കാര്‍ഗിലിലും അഭിനന്ദന്‍ ബാലാക്കോട്ടിലും പാകിസ്താനെതിരെ പോരാടി- ബി.എസ് ധനോവ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ പിതാവിനൊപ്പം പോര്‍വിമാനം പറത്തിയിട്ടുണ്ട്. വ്യോമസേനാ ജീവിതത്തിന്റെ അവസാന കാലത്ത് പഴയ സഹപ്രവര്‍ത്തകന്റെ മകനൊപ്പം പോര്‍വിമാനം പറത്തുക എന്നത് വലിയ അംഗീകാരമാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ പറഞ്ഞു.

പത്താന്‍കോട്ട് ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ ഇരുവരും അരമണിക്കൂറോളമാണ് ആകാശത്ത് ചിലവഴിച്ചത്. 

Content highlights: Air Chief Marshal BS Dhanoa and Wing Commander Abhinandan Varthaman today flew together in a two-seater version of MIG 21