ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയെ ലോകത്തിലെ തന്നെ മുന്‍നിര ശ്രേണിയിലെത്തിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. ഫാക്ടറി ഓര്‍ഡ്‌നന്‍സ് ബോര്‍ഡില്‍ നിന്ന് പുതിയതായി രൂപവത്കരിച്ച ഏഴ് കമ്പനികളുടെ പ്രഖ്യാപന ചടങ്ങിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ഏഴ് കമ്പനികളേയും രാജ്യത്തിന് സമര്‍പ്പിച്ചു.

പ്രതിരോധ മേഖലയിലെ രൂപകല്‍പന, നിർമാണം, കയറ്റുമതി എന്നിവ പൊതുജന-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമാണ് ചരിത്രപരമായ ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ നിന്നാണ് പുതിയ ഏഴ് കമ്പനികള്‍ രൂപവത്കരിച്ചത്. പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡിലുണ്ടായിരുന്ന എ, ബി, സി കാറ്റഗറി ജീവനക്കാരെ പുതിയ കമ്പനികളിലേക്ക് വിന്യസിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളം, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍ ആശങ്കയ്ക്ക് വക നല്‍കാതെയാണ് പുതിയ മാറ്റം. ഇക്കാര്യം ഉറപ്പുവരുത്തുമെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്താമാക്കിയിരുന്നു. പുതിയ നീക്കത്തിലൂടെ രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കായുള്ള ബജറ്റ് നീക്കിവെപ്പിൽ വലിയ വ്യത്യാസമുണ്ടാകും. സ്വയംപ്രയ്പാതതയെന്ന ലക്ഷ്യത്തിനൊപ്പം വരുമാനവര്‍ധനവും പുതിയ നീക്കത്തിന്റെ ഗുണഫലങ്ങളാണ്.

2024ഓടെ പ്രതിരോധ മേഖലയുടെ മൊത്തം വരുമാനം 1.75 ലക്ഷം കോടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സ്വയം പര്യാപ്തതയും ഒപ്പം മേക്ക് ഫോര്‍ ദ വേള്‍ഡ് എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം പ്രതിരോധ മേഖല പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: aims to bring india among top listed countries says rajnath singh